ഓൺലൈനായും ഓഫ് ലൈനായും കുട്ടികളുടെ നീക്കങ്ങൾ അറിയാം; ഫാമിലി ലിങ്ക് ആപ്പുമായി ഗൂഗിൾ
ഡൽഹി: കുട്ടികളെ കൃതൃമായി നീരിക്ഷിക്കാൻ പ്രത്യേക സൗകര്യമൊരുക്കി ഗൂഗിൾ. ഓൺലൈൻ സുരക്ഷയ്ക്ക് ഒപ്പം ഓഫ് ലൈൻ സംരക്ഷണവും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. ‘ഫാമിലി ലിങ്ക് ആപ്പ്’ മോഡിഫൈ ചെയ്താണ് പുതിയ അപ്ഡേറ്റുകളുമായി ഗൂഗിൾ എത്തിയിരിക്കുന്നത്. മാതാപിതാക്കളെ മക്കളുടെ ഓൺലൈൻ, ഓഫ്ലൈൻ ഫോൺ-ടാബ് ഉപയോഗം എന്നിവ നിയന്ത്രിക്കാനും ലൊക്കേഷൻ അറിയാനും സഹായിക്കുന്നതാണ് ഫാമിലി ലിങ്ക് ആപ്പ്. പരസ്പരം ബന്ധപ്പെടുത്തിയ ഉപകരണങ്ങൾ കൈയ്യിൽ വയ്ക്കുന്ന മാതാപിതാക്കൾക്ക് കുട്ടികൾ ഓൺലൈൻ വഴി ചെയ്യാൻ ശ്രമിക്കുന്നവയെ കുറിച്ച് നോട്ടിഫിക്കേഷൻ ലഭിക്കും.
നിലവിൽ ഫാമിലി ലിങ്ക് ആപ്പിന് മൂന്നു ടാബുകളുണ്ട്. ഹൈലൈറ്റ്സ്, കൺട്രോൾസ്, ലൊക്കേഷൻ എന്നിവയാണ് ഈ മൂന്നെണ്ണം. 2017ൽ അവതരിപ്പിക്കുമ്പോൾ ഈ ക്രമീകരണ രീതി ആപ്പിനുണ്ടായിരുന്നില്ല. ആപ്പ് ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതാണ് ഹൈലൈറ്റ്സ്. എങ്ങനെയാണ് ഫോൺ ഉപയോഗിച്ചതെന്ന വിവരവും ആപ്പ് വഴി ലഭ്യമാകും. ഗൂഗിളുമായി സഹകരിക്കുന്ന കോമൺസെൻസ് മീഡിയ, കണക്ട്സെയ്ഫ്റ്റി, ഫാമിലി ഓൺലൈൻ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ കമ്പനികളുടെ സേവനവും ലഭ്യമാക്കും. കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതാണ് കൺട്രോൾസ്. ഏതെല്ലാം തരം കണ്ടന്റുകൾ കുട്ടികൾ കാണണം എന്നതും ഇതുവഴി നിയന്ത്രിക്കാം. ഡാറ്റ നൽകണോ വേണ്ടയോ എന്നതും നിയന്ത്രിക്കാം. പൊതുവെയുള്ള സെറ്റിങ്സ് ഒരു ദിവസത്തേക്ക് ക്രമീകരിക്കാനായി ‘ടുഡേ ഓൺലി’ ഓപ്ഷനും ഉണ്ട്. കുട്ടി എവിടെയാണ് ഉള്ളതെന്ന് അറിയാനാണ് ലൊക്കേഷൻ ടാബ് ഉപയോഗിക്കുന്നത്.