അന്തിമവിധി വന്നിട്ട് ലഡു വിതരണം നടത്തുന്നതാണ് നല്ലത്, എൽദോസിനെതിരായ പാർട്ടി നടപടി വൈകിയെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: പീഡനക്കേസിൽ ആരോപണവിധേയനായ എൽദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും കെ മുരളീധരൻ എം പി. എൽദോസിനെതിരെ നടപടി വൈകിപ്പോയെന്നും ഇത് മോശമാണെന്നും മുരളീധരൻ പറഞ്ഞു. കെ പി സി സിയുടെ നടപടി ഇന്നോ നാളെയോ ഉണ്ടാകുമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
‘മുൻകൂർ ജാമ്യം കിട്ടിയെന്നത് ശരിയാണ്. പക്ഷേ, അദ്ദേഹം ഒളിവിൽ പോകേണ്ടിയിരുന്നില്ലെന്ന നിലപാടാണ് പാർട്ടിക്കുളളത്. നേരത്തെ വിൻസെന്റ് എം എൽ എയ്ക്കെതിരെ പരാതി വന്നപ്പോൾ അദ്ദേഹം അതിനെതിരെ ശക്തമായി ഫേസ് ചെയ്ത് നിരപരാധിത്വം തെളിയിച്ചു. അദ്ദേഹം വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. പക്ഷേ, എൽദോസ് കുന്നപ്പിള്ളിയുടെ കേസ് വന്നപ്പോൾ അദ്ദേഹം ഒളിവിൽപ്പോയി.എന്താണ് കാര്യമെന്ന് പാർട്ടിക്കുപോലും അറിയാത്ത അവസ്ഥയുണ്ടായി. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് പാർട്ടി ഒറ്റക്കെട്ടായി തീരുമാനമെടുത്തത്. ആ തീരുമാനം പ്രസിഡന്റ് ഉചിതമായ സമയത്ത് നടപ്പാക്കും. നപടി വൈകുന്നത് മോശമാണെന്ന അഭിപ്രായമാണ് എനിക്കുമുള്ളത്. ഇന്നോ, നാളെയോ തന്നെ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ’-മുരളീധരൻ പറഞ്ഞു.
എൽദോസിന് മുൻകൂർ ജാമ്യം ലഭിച്ചപ്പോൾ ചിലർ ലഡുവിതരം നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അന്തിമ വിധി വന്നിട്ട് ലഡുവിതരം നടത്തുന്നതാണ് നല്ലതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പാർട്ടിയുടെ അനുമതിയോടെയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസവും എൽദോസിനെതിരെ മുരളീധരൻ രംഗത്തെത്തിയിരുന്നു. ഇതുപോലത്തെ ഞരമ്പുരോഗികൾ എല്ലാ പാർട്ടികളിലുമുണ്ട്. പാർട്ടി നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നുമാണ് അദ്ദേഹം പറഞ്ഞത്.