എ കെ ജി സെന്റർ ആക്രമണം; പ്രതിയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: എ കെ ജി സെന്റർ ആക്രമണ കേസിലെ പ്രതിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ വി. ജിതിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യഹർജി തളളിയതിനെ തുടർന്നാണ് ജിതിൻ ഹൈക്കോടതിയെ സമീപിച്ചത്.കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസിൽ കുടുക്കുകയായിരുന്നു എന്നാണ് പ്രതിയുടെ വാദം. എന്നാൽ പ്രതി ബോംബ് ഉപയോഗിച്ചെന്നും ഇയാൾക്കെതിരെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ടെന്നുമായിരുന്നു സർക്കാരിന്റെ വാദം.കഴിഞ്ഞ ജൂൺ 30ന് രാത്രിയാണ് എ കെ ജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. സ്കൂട്ടറിലെത്തിയ യുവാവ് സ്ഫോടക വസ്തു എറിഞ്ഞ് മടങ്ങുന്നതിന്റെ ദൃശ്യങ്ങൾ കിട്ടിയെങ്കിലും വ്യക്തമല്ലാത്തതിനാൽ ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഗൂഢാലചോന, സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കൽ, സ്ഫോടകവസ്തു നിയമവിരുദ്ധമായി കൈവശംവയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തത്.