പരമാവധി ഉപദ്രവിക്കാൻ ശ്രമിക്കുമ്പോഴും കൈയയച്ച് വിഴിഞ്ഞം നിവാസികളെ സഹായിച്ച് അദാനി, ചെലവഴിച്ചത് 59.5 കോടി, 435 പ്രദേശവാസികൾക്ക് ജോലിയും
തിരുവനന്തപുരം:ആറ് വർഷത്തിനിടെ കോർപ്പറേറ്റ് റെസ്പോൺസിബിലിറ്റി ഫണ്ടിൽ (സി.എസ്.ആർ) നിന്ന് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് വിനിയോഗിച്ചത് 59.5 കോടി രൂപ. പ്രളയകാലത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് (25 കോടി), പദ്ധതി പ്രദേശത്തെ വാർഡുകളിലെ അടിസ്ഥാന സൗകര്യവികസനത്തിന് (10.92 കോടി) എന്നിവയ്ക്കാണ് ഏറ്റവും അധികം തുക ചെലവഴിച്ചത്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ (1.64 കോടി),സാമൂഹിക ആരോഗ്യം (3.57 കോടി), നൈപുണ്യ വികസനം,ഉപജീവനം,കായികം(4.6 കോടി),സ്പെഷ്യൽ പ്രോജക്ട്സ് (6.34 കോടി),ഓഖി സഹായം (2.5 കോടി),കൊവിഡ് സഹായം (5 കോടി) എന്നിങ്ങനെയാണ് മറ്റ് പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച തുകയുടെ കണക്ക്. വിഴിഞ്ഞം തുറമുഖത്തിനായി 4000 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് ഇതുവരെ നടത്തിയത്.
തുറമുഖ നിർമ്മാണം നിറുത്തിവച്ചതോടെ 100 കോടിയിലേറെ രൂപയാണ് പ്രാഥമിക കണക്ക് പ്രകാരമുളള നഷ്ടം.അതിനിടയിലും ഏറ്റെടുത്ത സി.എസ്.ആർ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ തീരുമാനം.കൊവിഡ് കാലത്ത് 1012 ഓക്സിജൻ സിലിണ്ടറുകളും മൂന്ന് ഓക്സിജൻ കണ്ടെയ്നറുകളും ഒരുക്കി.മാലിന്യ നിർമാർജ്ജനത്തിനായുളള മെറ്റീരിയൽ റിക്കവറി സെന്ററിന് 50 ലക്ഷം രൂപയാണ് അടുത്തിടെ അദാനി ഗ്രൂപ്പ് സർക്കാരിന് കൈമാറിയത്.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ ജോലി നൽകിയത് 435 പ്രദേശവാസികൾക്ക്
നൈപുണ്യ വികസനത്തിന് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്
വിദ്യാഭ്യാസം
282 വിദ്യാർത്ഥികൾക്ക് 20000 രൂപ സ്കോളർഷിപ്പ്
249 വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസ മേഖലയിൽ സഹായം
645 വിദ്യാർത്ഥികൾക്ക് സായാഹ്ന ക്ലാസ്
500 വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ക്ലാസ്
14 സ്കൂളുകൾക്ക് സ്മാർട്ട് ക്ലാസ് റൂം
49 അങ്കണവാടികൾക്ക് വാട്ടർ പ്യൂരിഫയർ
ആരോഗ്യം
151 കാൻസർ രോഗികൾക്ക് ചികിത്സാസഹായം
മൊബൈൽ ഹെൽത്ത് കെയർ യൂണിറ്റ്
വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കെട്ടിടവും നൂറ് കിടക്കകളും
നൈപുണ്യ വികസനവും ഉപജീവനവും
7415 പേർക്ക് ഡിജിറ്റൽ സാക്ഷരത ക്ലാസ്
ലൊജിസ്റ്റിക് സെന്റർ,ആശുപത്രികൾ,സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ 1047 പേർക്ക് റിക്രൂട്ട്മെന്റ്
ഫാം സ്കൂൾ ആരംഭിച്ച് 400 തദ്ദേശവാസികൾക്ക് പരിശീലനം
760 വീടുകളിൽ ജൈവപച്ചക്കറി കൃഷി
610 വിദ്യാർത്ഥികൾക്ക് മത്സരപ്പരീക്ഷകളിൽ പരിശീലനം
ഫുട്ബാൾ പരിശീലനം
അടിസ്ഥാനസൗകര്യം
ഹാർബർ ഏരിയ എൽ.പി സ്കൂളിനും മുല്ലൂർ യു.പി സ്കൂളിനും പുതിയ കെട്ടിടങ്ങൾ
കോട്ടപ്പുറം,വിഴിഞ്ഞം,ഹാർബർ എന്നിവിടങ്ങളിൽ പൊതു ടോയ്ലെറ്റ്
കോട്ടപ്പുറം സ്കൂളിൽ പ്ലേഗ്രൗണ്ട്
വിഴിഞ്ഞം ആസാദ് സ്മാരക ലൈബ്രറി നവീകരണം
മാലിന്യ നിർമാർജനത്തിന് വിവിധ വാർഡുകളിൽ ഗാർബേജ് ബിന്നുകൾ
ഗംഗയാർ തോട് ശുചീകരണം