സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചു; പൊലീസുകാരൻ അറസ്റ്റിൽ
കൊച്ചി: സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പൊലീസുകാരൻ പിടിയിൽ. സിറ്റി എ ആർ ക്യാമ്പിലെ അമൽ ദേവ് ആണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കൽ സ്വദേശി നടേശന്റെ വീട്ടിലാണ് മോഷണം നടന്നത്. നടേശന്റെ മകന്റെ ഭാര്യയുടെ പത്ത് പവൻ സ്വർണമാണ് പൊലീസുകാരൻ മോഷ്ടിച്ചത്.
കോട്ടയത്ത് മൊത്തവ്യാപാര കടയിൽ നിന്ന് പൊലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് കഴിഞ്ഞ ദിവസം ഒത്തുതീർപ്പാക്കിയിരുന്നു. ഇടുക്കി എആർ ക്യാമ്പിലെ സിപിഒ പി വി ഷിഹാബാണ് മാങ്ങ മോഷ്ടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.എന്നാൽ മോഷണത്തിലൂടെ തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചെന്നും അതിനാൽ കേസ് മുന്നോട്ടുകൊണ്ടുപോകാതെ ഒത്തുതീർക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരനായ കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകി. അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.