രക്തത്തിന് പകരം ശരീരത്തിൽ കയറ്റിയത് ജ്യൂസ്, രോഗി മരിച്ചു; ആശുപത്രി പൂട്ടി സീൽ ചെയ്തു
ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഡെങ്കിപ്പനി ബാധിച്ച് മുപ്പത്തിരണ്ടുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. രക്തം കയറ്റുന്നതിന് പകരം രോഗിയുടെ ശരീരത്തിൽ ജ്യൂസ് കയറ്റിയെന്നാണ് കുടുംബത്തിന്റെ പരാതി. പ്രയാഗ്രാജിലെ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിനെതിരെയാണ് ആരോപണം.യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തി. തുടർന്ന് അധികൃതർ ആശുപത്രി പൂട്ടി സീൽ ചെയ്തു. ആശുപത്രി ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടു.”ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നിന്ന് നൽകിയ പാക്കുകളിലൊന്നിൽ മുസമ്പി ജ്യൂസിനോട് സാമ്യമുള്ള ദ്രാവകമാണ് നിറച്ചിരുന്നത്. ഇതാണ് രക്തത്തിന് പകരം അവന്റെ ശരീരത്തിൽ കയറ്റിയത്. ഇതോടെ ആരോഗ്യനില വഷളായി. ഉടൻ മറ്റൊരു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്റെ ഇരുപത്തിയാറുകാരിയായ സഹോദരി ഇന്ന് വിധവയാണ്. ആശുപത്രിയ്ക്ക് സംഭവിച്ച വീഴ്ചയ്ക്ക് യോഗി ആദിത്യനാഥ് സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.’- മുപ്പത്തിരണ്ടുകാരന്റെ ഭാര്യയുടെ സഹോദരൻ സൗരഭ് ത്രിപാഠി പറഞ്ഞു.അതേസമയം, രോഗിയുടെ ബന്ധുക്കൾ മറ്റെവിടെ നിന്നോ ആണ് രക്തം വാങ്ങിയതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. മുസമ്പി ജ്യൂസ് ആണെന്നു ആരോപിക്കുന്ന ബ്ലഡ് പാക്കിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.