മോഷണം നടത്തിയത് ആയിരത്തോളം ക്ഷേത്രങ്ങളിൽ, ഒരുദിവസം അഞ്ചിടങ്ങളിൽ കയറി , കുടുക്കിയത് ബസ് സ്റ്റാൻഡിലെ മൂത്രപ്പുര
കട്ടപ്പന: ആയിരത്തോളം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പെരുംകള്ളനെ പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം കാലടി കണ്ടരനകം കൊട്ടരപ്പാട്ട് വീട്ടിൽ സജീഷ് എന്ന നാൽപ്പത്തിമൂന്നുകാരനാണ് പിടിയിലായത്. ഇരുപതുവയസിൽ മോഷണം തുടങ്ങിയ ഇയാൾ പലതവണ ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ ഇന്നലെ ചില്ലറ മാറാനെത്തിയ സജീഷിനെ സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥന് സംശയം തോന്നി നിരീക്ഷിക്കുകയും പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് മോഷണങ്ങളുടെ ചുരുളഴിഞ്ഞത്.പരിശോധനയിൽ ബാഗിൽ കെട്ടുകളായി സൂക്ഷിച്ചിരുന്ന നോട്ടുകളും നിരവധി ബൈക്കുകളുടെ താക്കോലും കണ്ടെടുത്തു.
മോഷണം നടത്താൻ നിശ്ചയിച്ച ക്ഷേത്രത്തിന് സമീപത്തുനിന്ന് ആദ്യം ബൈക്ക് മോഷ്ടിക്കും. ഇവ റെയിവേസ്റ്റേഷനിലോ, ബസ് സ്റ്റാൻഡിലോ പാർക്കുചെയ്തശേഷം താക്കോൽ കൈവശം സൂക്ഷിക്കും. ഈ പ്രദേശങ്ങളിൽ വീണ്ടും മോഷണം നടത്തുമ്പോൾ ഉപയോഗിക്കാനും രക്ഷപ്പെടുന്നതിനും വേണ്ടിയാണ് ഇതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇയാൾ പ്രധാനമായും മോഷണം നടത്തുന്നത്. ഇവിടത്തെ പല സ്റ്റേഷനുകളിലും ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലായിലാണ് ശിക്ഷ കഴിഞ്ഞ് ജയിൽ മോചിതനായത്. അതിനുശേഷവും നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തി. ഇങ്ങനെ കിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നത്.
ആരെയും കൂട്ടാതെ ഒറ്റയ്ക്ക് മോഷണത്തിനിറങ്ങുന്നതാണ് ഇയാളുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതായിരുന്നു പതിവ്. കയ്യിലുള്ള പണം തീരാറാവുമ്പോൾ മാത്രമാണ് അടുത്ത മോഷണത്തിനിറങ്ങുന്നത്. സ്വകാര്യ ആയുർവേദ മരുന്ന് കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടീവ് എന്ന് വിശേഷിപ്പിച്ചാണ് ഇയാൾ പലയിടങ്ങളിലും താമസിച്ചിരുന്നത്. കോഴിക്കോട് ഒരു ദിവസം തന്നെ അഞ്ച് ക്ഷേത്രങ്ങളിൽ വരെ ഇയാൾ മോഷണം നടത്തിയിട്ടുണ്ട്.