ലോകത്തെ ഏറ്റവും വലിയ പ്രതിരോധ നിര്‍മാണ കേന്ദ്രമായി ഇന്ത്യ ഉയര്‍ന്നുവരും- രാജ്നാഥ് സിങ്
ഗാന്ധിനഗര്‍: ലോകത്തെ ഏറ്റവും വലിയ പ്രതിരോധ നിര്‍മാണ കേന്ദ്രമായി 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഉയര്‍ന്നുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഗാന്ധിനഗറില്‍ നടക്കുന്ന ഡിഫന്‍സ് എക്സ്പോ 2022 നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിമാനത്തിലേക്കുള്ള പാതയെന്ന എക്സ്പോ തീം വെറുംവാക്കല്ലെന്നും പുതിയ ഇന്ത്യയുടെ പുതിയ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരമൊരു എക്സ്പോ അമൃത് കാലിന് മുന്നോടിയായിട്ടാണ് സംഘടിപ്പിക്കുന്നത്. ഇത് രാജ്യത്തെ സംരക്ഷിക്കാനും ലോകത്തിന്റെ പ്രതിരോധ ഉല്‍പ്പാദന കേന്ദ്രമായി രാജ്യത്തെ മാറ്റാനുമുള്ള നമ്മുടെ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ്പോ പ്രതിനിധികളെ സ്വാഗതംചെയ്തു. ഇത് പുതിയ ഇന്ത്യയുടെ ചിത്രമാണ്. ഇന്ത്യന്‍ കമ്പനികള്‍ മാത്രം പങ്കെടുക്കുന്ന എക്സ്പോയെന്ന പ്രത്യേകതയാണ് ഈ ഡിഫന്‍സ് എക്സ്പോയ്ക്കുള്ളത്. മാത്രമല്ല, മെയ്ഡ് ഇന്‍ ഇന്ത്യ ഉപകരണങ്ങള്‍ മാത്രമാണ് പ്രദര്‍ശനത്തിനുള്ളത്. ഇന്ത്യന്‍ യുവാക്കളുടെ ശക്തിയും സ്വപ്നവുമാണിതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.