സൗദിയുടെ നീക്കത്തിന് തിരിച്ചടിയായി കരുതൽ ശേഖരം തുറക്കാൻ അനുമതി നൽകി ബൈഡൻ, പെട്രോൾ വില കുറയും
പെട്രോൾ വില സ്ഥിരത ഉറപ്പാക്കാൻ ഉദ്പാദനം വെട്ടിക്കുറയ്ക്കാൻ സൗദി, റഷ്യ തുടങ്ങിയ എണ്ണ ഉദ്പാദക രാഷ്ട്രങ്ങളടങ്ങിയ ഒപെക് പ്ലസിന്റെ തീരുമാനം അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. റഷ്യയ്ക്കൊപ്പം സൗദി ചേർന്നതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. ഇതിന് മറുപടിയായി തന്ത്രപ്രധാനമായ കരുതൽ ശേഖരത്തിൽ നിന്നും 14 ദശലക്ഷം ബാരൽ എണ്ണ വിപണിയിലേക്ക് ഇറക്കാനുള്ള നിർണായക തീരുമാനം അമേരിക്ക കൈക്കൊണ്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് പ്രസിഡന്റ് ജോ ബൈഡൻ ഈ ആഴ്ച പ്രഖ്യാപനം നടത്തുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയിൽ ഇന്ധന വിലയിൽ ഉണ്ടായ വർദ്ധനവും, പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ഉയരുന്ന വിമർശനവും തണുപ്പിക്കുക എന്ന ഉദ്ദേശവും കരുതൽ ശേഖരം തുറക്കാൻ ബൈഡനെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇത് രണ്ടാമത്തെ തവണയാണ് ഈ വർഷം അമേരിക്ക കരുതൽ ശേഖരം തുറക്കുന്നത്. കഴിഞ്ഞ മേയ് മാസത്തിലും 14 ദശലക്ഷം ബാരൽ എണ്ണ പുറത്തെടുത്തിരുന്നു. 180 ദശലക്ഷം ബാരലാണ് അമേരിക്കയുടെ കരുതൽ ശേഖരത്തിലുള്ളത്.
റഷ്യൻ എണ്ണയ്ക്ക് മേൽ അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ഉപരോധമാണ് ലോകമെമ്പാടും എണ്ണ വില വർദ്ധിക്കാൻ ഇടയാക്കിയത്. എണ്ണ വില വരും മാസങ്ങളിലും കത്തിക്കയറിയാൽ കരുതൽ ശേഖരം വീണ്ടും തുറക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാൻ ബൈഡൻ നിർബന്ധിതനായേക്കും.