ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയ പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി.
കേന്ദ്രത്തിന്റെ നടപടിക്കെതിരെ കോടതിയില്‍ പോകാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് പറഞ്ഞ സുബ്രഹ്മണ്യന് സ്വാമി കേന്ദ്രസര്‍ക്കാരിന്റെ നടപടി ദേശവിരുദ്ധമാണെന്നും ട്വിറ്ററില്‍ പറഞ്ഞു.
”എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ ഇന്ന് പുനരാരംഭിക്കുകയാണ്. ഈ ഇടപാട് പൂര്‍ണമായും ദേശവിരുദ്ധമാണ്. ഞാന്‍ കോടതിയിലേക്ക് പോകാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. രാജ്യത്തിന്റെയാകെ സ്വത്തായ എയര്‍ ഇന്ത്യയെ കേന്ദ്രസര്‍ക്കാരിന് ഇത്തരത്തില്‍ വിറ്റഴിക്കാന്‍ സാധിക്കില്ല”,- സുബ്രഹ്മണ്യന് സ്വാമി ട്വിറ്ററില്‍ കുറിച്ചു.
Air India disinvestment process restarts today https://t.co/72eklh9C3g: THIS DEAL IS WHOLLY ANTI NATIONAL and IWILL FORCED TO GO TO COURT. WE CANNOT SELL OUR FAMILY SILVER
— Subramanian Swamy (@Swamy39) January 27, 2020
എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍പ്പനയ്ക്ക് വെച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ പണമില്ലാതെ വരുന്ന അവസ്ഥയിലാണ് ഇത് ചെയ്യുന്നത് എന്നായിരുന്നു കപില്‍ സിബല്‍ പറഞ്ഞത്.
”സര്‍ക്കാരിന്റെ കൈയില്‍ പണമില്ലാത്ത അവസ്ഥയില്‍ ആണ് അവര്‍ ഇത് ചെയ്യുന്നത്. ഇന്ത്യാ ഗവണ്മെന്റിന്റെ പക്കല്‍ പണമില്ല, വളര്‍ച്ച 5 ശതമാനത്തില്‍ കുറവാണ്. എം.എന്‍.ആര്.ജി.എയുടെ കീഴില്‍ ദശലക്ഷക്കണക്കിന് രൂപ കുടിശ്ശികയുണ്ട്. നമ്മുടെ പക്കലുണ്ടായിരുന്ന വിലപ്പെട്ട എല്ലാ സ്വത്തുക്കളും അവര്‍ വിറ്റുതീര്‍ക്കുകയാണ്”, എന്നായിരുന്നു കപില്‍ സിബല്‍ പ്രതികരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് എയര്‍ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും വിറ്റഴിക്കാനായി എയര്‍ ഇന്ത്യ താല്പര്യ പത്രം ക്ഷണിച്ചത്. 2020 മാര്‍ച്ച് 20 വരെയാണ് താല്പര്യ പത്രം സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. ഏറ്റെടുക്കുന്നവര്‍ കമ്പനിയുടെ 23000 കോടി രൂപ വരുന്ന കടബാധ്യത പൂര്‍ണ്ണമായും ഏറ്റെടുക്കേണ്ടി വരും.
നേരത്തെ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു. ഇത് ഫലം കാണാതായതോടെയാണ് വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി വില്ക്കാന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും വാങ്ങാന്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്നില്ല. അതിനാലാണ് ഇത്തവണ ചില നിബന്ധനകള്‍ പുനഃപരിശോധിച്ചു മുഴുവന്‍ ഓഹരിയും വില്ക്കാന് തീരുമാനിച്ചത്.
നിലവില്‍ 60,000 കോടി രൂപയോളമാണ് പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയുടെ കടം. 2018-19 സാമ്പത്തിവര്‍ഷം 8556.35 കോടി രൂപയായിരുന്നു എയര്‍ ഇന്ത്യയുടെ നഷ്ടം.