ഗാര്‍മെന്റസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ മാസം 25 മുതല്‍ ബംഗലുരുവില്‍
കൊച്ചി: കേരളത്തിലെ വസ്ത്ര വ്യാപാര വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ഗാര്‍മെന്റ്സ് ക്രിക്കറ്റ് അസ്സോസിയേഷന് ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഗാര്‍മെന്റ്സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ മാസം 25 മുതല്‍ 29 വരെ ബംഗലൂരു സാംപ്രസിദ്ധി സ്പോര്‍ട്സ് എസ്റ്റാഡിയോ ക്രിക്കറ്റ് മൈതാനിയില്‍ അരങ്ങേറും. ഗാര്‍മെന്റ്സ് പ്രീമിയര്‍ ലീഗിന്റെ (ജി.പി.എല്‍) ടീം ജേഴ്സി പ്രകാശനം കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുളിമൂട്ടില്‍ സില്‍ക്സ് സ്ഥാപകന്‍ ഔസേപ്പ് ജോണ്‍ നിര്‍വ്വഹിച്ചു.
നാല് സെലിബ്രിറ്റി ടീം ഉള്‍പ്പെടെ 12 ടീമുകളാണ് അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കുകയെന്ന് ട്രസ്റ്റ് പ്രസിഡന്റ് വി.എച്ച്.എം. അഹമ്മദുള്ള, സെക്രട്ടറി സാബി ജോണ്‍, ജോയിന്റ് സെക്രട്ടറി ഷാജി ദിവാകരന്, വൈസ് പ്രസിഡന്റ് ജിനോയ് വര്‍ഗീസ്, മാലിക് കെ.ടി.എം.സില്‍ക്സ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംഘടനയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വിവിധങ്ങളായ ക്ഷേമപ്രവര്ത്തനങ്ങള്ക്കായുളള ധന സമാഹരണാര്‍ത്ഥമാണ് മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നത്. 2015-ല്‍ തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് മൈതാനിയിലാണ് ആദ്യ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ടൂര്‍ണമെന്റ് ഗോവയിലായിരുന്നു.
ടൂര്‍ണമെന്റിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് സംഘടന 2018-ലെ പ്രളയ കാലത്ത് ആലപ്പുഴയിലും, 2019-ല്‍ ഉരുള്‍പൊട്ടി എല്ലാം നഷ്ടപ്പെട്ട കവളപ്പാറ, പോത്തുകല്ല് എന്നിവിടങ്ങളില്‍ കുടിവെള്ളം, ഭക്ഷണം, വസ്ത്രം, പാത്രങ്ങള്‍ തുടങ്ങി വീട്ടിലേയ്ക്ക് ആവശ്യമുള്ളതെല്ലാം വിതരണം ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താനായെന്നും ഭാരവാഹികള്‍ പറഞ്ഞു.