മണിച്ചനെ ഉടൻ മോചിപ്പിക്കണം; പിഴ അടയ്ക്കാത്തതിന്റെ പേരിൽ മോചനം നിഷേധിക്കരുതെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. പിഴ അടയ്ക്കാത്തതിന്റെ പേരിൽ മോചനം നിഷേധിക്കരുത്. എത്രയും പെട്ടെന്ന് മണിച്ചനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് കോടതി സർക്കാരിന് നിർദേശം നൽകി.മണിച്ചനെ മോചിപ്പിക്കാൻ പിഴത്തുകയായ 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കാണിച്ച് നേരത്തെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പിഴത്തുക ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനും കാഴ്ച നഷ്ടമായവർക്കും നൽകാനാണ് ഹൈക്കോടതി വിധിയെന്നും സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കോൺസൽ ഹർഷദ് വി ഹമീദ് ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.2000 ഒക്ടോബർ 21 നാണ് കല്ലുവാതുക്കൽ മദ്യ ദുരന്തം ഉണ്ടായത്. മുപ്പത്തിയൊന്ന് പേരാണ് മരിച്ചത്. 22 വർഷമായി മണിച്ചൻ ജയിലിലാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് മണിച്ചനടക്കം വിവിധ കേസുകളിലെ 33 പ്രതികളെ വിട്ടയയ്ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പിഴത്തുക അടയ്ക്കണമെന്ന് ഉപാധിവച്ചതോടെയാണ് മണിച്ചന് പുറത്തിറങ്ങാൻ കഴിയാതായത്. ഇതിനെതിരെ ഭാര്യ ഉഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്.