കാസർകോട് : ജില്ലയുടെ ആതുര സേവന രംഗത്ത് വൻ കുതിപ്പേകുന്ന കുമ്പള സഹകരണ ആശുപത്രി ബഹുനില കെട്ടിടം 28ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാവും. സഹകരണ ആശുപത്രിക്ക് സ്വന്തം കെട്ടിടം വരുന്നതോടെ നാടിന്റെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. നാല് നിലകളിലായി 32,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ മൂന്ന് ജനറൽ വാർഡുകളടക്കം 60 രോഗികളെ കിടത്തിചികിൽസിക്കാനുള്ള സൗകര്യമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം വാർഡ്.ഐസിയു,എൻഐസിയു, ഓപ്പറേഷൻ –-ലേബർ തിയറ്ററുകൾ, ഫാർമസി, ലബോറട്ടറി, സ്കാനിങ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റി, വനിത സഹകരണ സംഘം കാന്റീൻ, നഴ്സുമാർക്ക് താമസിക്കാനുള്ള സൗകര്യം, നാല് നിലകളിലും റാമ്പും ലിഫ്റ്റും എന്നിവയുണ്ട്.
കുമ്പള പട്ടണത്തോട് ചേർന്ന്വിലക്ക് വാങ്ങിയ 58.5 സെന്റ് സ്ഥലത്താണ് പത്ത് കോടി രൂപ ചെലവിൽ കെട്ടിടം നിർമ്മിച്ചത്. എൻസിഡിസിയിൽ നിന്ന് ലഭിച്ച 1.80 കോടി രൂപ വായ്പയും സഹകാരികളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും ഓഹരിയായും നിക്ഷേപമായും ലഭിച്ച തുകയും ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.കാസർകോട് ജില്ല സഹകരണ ആശുപത്രി സംഘത്തിന് കീഴിലാണ് ആശുപത്രി. പ്രമുഖ സഹകാരി ടി വി ഗംഗാധരൻ പ്രസിഡന്റും ഭാസ്കര കുമ്പള സെക്രട്ടറിയുമായുമയുള്ള ഭരണസമിതിയാണ് ആദ്യകാല പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 1990 ൽ കുമ്പളയിലെ വാടകകെട്ടിടത്തിൽ 20 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യത്തോടെ ആരംഭിച്ച സഹകരണാശുപത്രി അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരാണ് ഉദ്ഘാടനം ചെയ്തത്. രണ്ട് ഡോക്ടർമാരും ഏഴ് സ്റ്റാഫുമായി ആരംഭിച്ച ആശുപത്രിയിൽ ഇന്ന് 98 ജീവനക്കാരും 11 സ്ഥിരം ഡോക്ടർമാരും പത്ത് വിസിറ്റിങ്ങ് ഡോക്ടർമാരും സേവനം അനുഷ്ഠിക്കുന്നു. സൊസൈറ്റിയുടെ കീഴിൽ ചെങ്കളയിൽ ഇ കെ നായനാരുടെ നാമധേയത്തിൽ നൂറ് കിടക്കകളോടെയുള്ള ആശുപത്രിയും കുണ്ടം കുഴിയിൽ ക്ലിനിക്കും പ്രവർത്തിക്കുന്നു. ചെർക്കള ടൗണിൽ ചെങ്കള ആശുപത്രിക്കുള്ള പ്രവർത്തനവും ആരംഭിച്ചു. വാർത്തസമ്മേളനത്തിൽ സംഘം പ്രസിഡന്റ് എ ചന്ദ്രശേഖരൻ, സെക്രട്ടറി ജി രത്നാകര, വൈസ് പ്രസിഡന്റ് പി രഘുദേവൻ, പി ദാമോദരൻ, സി എ സുബൈർ, ഡി എൻ രാധാകൃഷ്ണ എന്നിവർ പങ്കെടുത്തു.