9,000 രൂപയുടെ ഫോൺ കിട്ടിയേ പറ്റൂ, രക്തം വിൽക്കാൻ ശ്രമിച്ച് പതിനാറുകാരി
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ 16 കാരി പണം കണ്ടെത്താൻ രക്തം വിൽക്കാൻ ശ്രമിച്ചു. 9,000 രൂപയുടെ സ്മാർട്ട് ഫോൺ വാങ്ങുന്നതിനുള്ള പണം കണ്ടെത്താനാണ് രക്തം വിൽക്കാൻ ഒരുങ്ങിയത്. ട്യൂഷനു പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി ബസിൽ കയറി ജില്ലാ ആശുപത്രിയിൽ എത്തി രക്തം വിൽക്കാൻ ശ്രമിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ രക്തം സ്വീകരിക്കാൻ സാധിക്കില്ലെന്ന് അധികൃതർ പെൺകുട്ടിയെ അറിയിച്ചെങ്കിലും അത് അവൾ ചെവികൊണ്ടില്ല.ആദ്യം, സഹോദരന്റെ ചികിത്സയ്ക്ക് പണം ആവശ്യമായതിനാലാണ് രക്തം വിൽക്കുന്നത് എന്നാണ് പറഞ്ഞത്. തുടർന്ന വിശദമായി കാര്യം തിരക്കിയപ്പോഴാണ് ഒരു ഓൺലെെൻ ആപ്പ് വഴി 9,000 രൂപ വിലവരുന്ന മൊബെെൽ ഫോൺ ഓർഡർ ചെയ്തെന്നും അതിന് അത്യാവശ്യമായി പണം വേണമെന്നും തുറന്ന് പറഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ ചെെൽസ് ലെെനിൽ വിവരം അറിയിക്കുകയും കുട്ടിയെ ജില്ലാ ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്തു. മകൾ ഇങ്ങനെയൊരു കാര്യം ചെയ്യുമെന്ന് തീരെ പ്രതീക്ഷിച്ചില്ലെന്ന് മാതാപിതാക്കൾ പ്രതികരിച്ചു. കൗൺസിലിംഗിന് ശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്ക് കെെമാറി.