ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
കാസർകോട് :കേന്ദ്ര ആവിഷ്കൃത സാക്ഷരത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററിസി പ്രോഗ്രാമിന്റെ പഞ്ചായത്ത് മുന്‍സിപ്പല്‍ തലത്തിലുള്ള റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള മൂന്നു ദിവസത്തെ പരിശീലനം ജില്ലാ പഞ്ചായത്ത് ലൈബ്രറി ഹാളില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സണ്‍മാര്‍ ജില്ലയില്‍ ആരംഭിക്കുന്ന 800 സാക്ഷരത ക്ലാസുകളിലെ 800 സന്നദ്ധ അധ്യാപകര്‍ക്ക് പഞ്ചായത്ത് മുന്‍സിപ്പല്‍ അടിസ്ഥാനത്തില്‍ പരിശീലനം കൊടുക്കും. ജില്ലയില്‍ 9000 നിരക്ഷരരെ ആണ് പഠിപ്പിക്കേണ്ടത്. സര്‍വ്വേ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു വരുന്നു. പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഡ്വ:എസ്.എന്‍.സരിത അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരത സമിതി അംഗം കെ.വി.രാഘവന് മാസ്റ്റര്‍, മായില്പാടി രാഘവന് മാസ്റ്റര്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ശങ്കര്‍ റായ് മാസ്റ്റര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിനെ കുറിച്ച് സാക്ഷരതാ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബുവും സാക്ഷരത ചരിത്രവും സമീപനവും എന്ന വിഷയത്തില്‍ കിലാ ഫാകല്‍റ്റി പപ്പന് കുട്ടമത്തും, മുതിര്‍ന്നവരുടെ ഭാഷാ പഠനം എന്ന വിഷയത്തില്‍ റിസോഴ്സസ് പേഴ്സണ്‍ എം.വിജയകുമാറും, ഗണിത പഠനം എന്ന വിഷയത്തില്‍ ബി.ബാലകൃഷ്ണ ഷെട്ടി ഗാരും, പരിസര പഠനം എന്ന വിഷയത്തില്‍ ജില്ലാ സാക്ഷരത സമിതി അംഗം കെ.വി.വിജയന് മാസ്റ്ററും ക്ലാസെടുത്തു. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തില്‍ നിന്നും മൂന്നു നഗരസഭയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആര്.പിമാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. 19നും 20നും പരിശീലനം നടക്കും. ഇതിനുശേഷം പഞ്ചായത്ത് മുന്‍സിപ്പല്‍ അടിസ്ഥാനത്തില്‍ സന്നദ്ധ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. നവംബര്‍ ആദ്യവാരം ജില്ലയില്‍ സാക്ഷരത ക്ലാസ്സ് ആരംഭിക്കും.