മന്ത്രിമാര്‍ക്ക് വീഴ്ച, 82 വയസുള്ള ദയാബായിയുടെ സമരത്തെ കാണാതിരിക്കാന്‍ എങ്ങനെ സാധിക്കുന്നു?- സതീശന്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നീതിതേടി ദയാബായി നടത്തുന്ന സമരം യുഡിഎഫ് ഏറ്റെടുക്കുന്നു. നിരാഹാരസമരം തുടരുന്ന ദയാബായിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തി യുഡിഎഫ് നേതാക്കള്‍ കണ്ടു. സമരത്തിന് പൂര്‍ണ പിന്തുണ നല്കാന് യുഡിഎഫ് തീരുമാനിച്ചതായി ദയാബായിയെ ആശുപത്രിയിലെത്തി കണ്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മാധ്യമങ്ങളോട് പ്രതികരിച്ചു.
ദേശീയ തലത്തില്‍ അറിയപ്പെടുന്ന 82 വയസുള്ള ദയാബായി സെക്രട്ടറിയേറ്റിന് മുന്നില്‍ വെയിലും മഴയുംകൊണ്ട് നടത്തുന്ന സമരത്തെ കാണാതിരിക്കാന്‍ സര്‍ക്കാരിന് എങ്ങനെ കഴിയുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളോടും ദയാബായിയോടുമുള്ള ക്രൂരമായ അവഗണനയാണ് ഇത്. ദയാബായി ഉയര്‍ത്തുന്ന ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചുനല്‍കാന്‍ സര്‍ക്കാരിന് യാതൊരു തടസവുമില്ല. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അവരുമായി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയ്ക്ക് വിരുദ്ധമായിട്ടാണ് രേഖമൂലമുള്ള മറുപടി പോലും പുറത്തിറങ്ങിയത്. വിഷയത്തില്‍ മന്ത്രിമാരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഒട്ടും പ്രവര്‍ത്തിക്കാത്ത സര്‍ക്കാരെന്ന ചീത്തപ്പേരിലേക്കാണ് സര്‍ക്കാര്‍ പോകുന്നത്. സമരംതുടങ്ങി 16 ദിവസത്തിന് ശേഷമാണ് മന്ത്രിമാര്‍ പോലും ദയാബായിയെ കാണാന്‍ വന്നത്. വളരെ എളുപ്പത്തില്‍ പരിഹാരം കാണാവുന്ന പ്രശ്നമേ ഇവിടെയുള്ളു. വലിയ സാമ്പത്തിക ബാധ്യതയൊന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ വരില്ല. ഇതെല്ലാം ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുമായി വിഷയം സംസാരിക്കുമെന്നും മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചതായുള്ള കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട സമരപരിപാടികള്‍ ഉള്‍പ്പെടെ യുഡിഎഫ് കണ്‍വീനര്‍ പിന്നീട് വിശദീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.