‘ഞാൻ തന്നെയാണ് ഇവളെ ഇടിച്ചത്, നാളെമുതൽ ഇവൾ വരുന്നില്ല’ ജോലിയ്ക്ക് പോകുന്നതിനെചൊല്ലി യുവതിയ്ക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം
തിരുവനന്തപുരം: ജോലിയ്ക്ക് പോകരുതെന്നാവശ്യപ്പെട്ട് യുവതിയ്ക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ യുവതിയാണ് ക്രൂരമർദ്ദനത്തിനിരയായത്. പതിനാറാം തീയതി രാത്രിയാണ് മദ്യപിച്ചെത്തിയ ഭർത്താവ് ദിലീപ് യുവതിയെ ക്രൂരമായി മർദ്ദിച്ചത്.
ക്രൂരമർദ്ദനത്തിന് ശേഷം ഇനി ജോലിയ്ക്ക് പോകില്ലെന്ന് യുവതിയെക്കൊണ്ട് പറയിക്കുന്ന ദൃശ്യങ്ങൾ ഇയാൾ തന്നെ മൊബൈലിൽ ചിത്രീകരിച്ചു. ‘ഞാൻ തന്നെയാണ് ഇവളെ ഇടിച്ചത്. ഇവളുടെ വായ് പൊട്ടിച്ചത്, ഇവളുടെ മുഖത്തൂടെ ചോര ഒലിക്കാൻ കാരണം ഞാൻ തന്നെയാണ്. നാളെ തൊട്ട് ഇവൾ ജോലിയ്ക്ക് പോകുന്നുമില്ല വരുന്നുമില്ല. ഞാൻ ഈ പറയുന്നത് ന്യായമാണ്’ എന്ന് ദിലീപ് പറയുന്നത് ദൃശ്യങ്ങളിൽ കാണാം. സമീപം മുറിപ്പാടുകളുമായി കരഞ്ഞുകൊണ്ട് യുവതി ഇരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇനി ജോലിയ്ക്ക് പോകില്ലെന്ന് കരഞ്ഞുകൊണ്ട് യുവതി പറയുന്നു. മാർജിൻഫ്രീ ഷോപ്പിലെ ജീവനക്കാരിയാണ് യുവതി. ജോലിയ്ക്ക് പോയില്ലെങ്കിൽ മക്കൾ പട്ടിണിയാകുമെന്നും ലോൺ അടയ്ക്കണമെന്നും അതുകൊണ്ടാണ് പോകുന്നതെന്നും ഭർത്താവ് പൈസ തരികയാണെങ്കിൽ ജോലിയ്ക്ക് പോകില്ലെന്നും യുവതി പറയുന്നുണ്ട്.
മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെ ദിലീപ് യുവതിയെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. കൈയും കമ്പും ഉപയോഗിച്ചായിരുന്നു മർദ്ദനം. തലയിലും മുഖത്തും യുവതിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തിയതിന് പിന്നാലെ ദിലീപ് തന്നെ ഇത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചില സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഇന്നലെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കസ്റ്റഡിയിലെടുത്തത്. വധശ്രമക്കുറ്റം ചുമത്തിയാണ് പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രണയിച്ച് വിവാഹിതരായതാണ് ഇരുവരും. ഇവർക്ക് രണ്ട് മക്കളുമുണ്ട്.