നബിദിന റാലിയിൽ താരങ്ങളായി ഉപ്പാപ്പമാർ, താളത്തിനൊത്ത് അറബന മുട്ട്
മലപ്പുറം:പ്രായം വെറും അക്കങ്ങളാണെന്ന് പറയുന്നത് വെറുതെയല്ല. കഴിഞ്ഞ ദിവസം തിരുന്നാവായ കൈനിക്കരയിൽ നടന്ന നബിദിന റാലിയിൽ പ്രായത്തെ നിസ്സാരമാക്കി എഴുപത് കഴിഞ്ഞവരുടെ അറബന മുട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. നിരവധി ആളുകളാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
72 വയസ്സുള്ള തളികപ്പറമ്പിൽ ഏനിക്കുട്ടി ഹാജി, കളത്തിൽപ്പറമ്പിൽ അലിക്കുട്ടി ഹാജി, കോട്ടത്തറ മുഹമ്മദ്, മദ്ക്കൽ മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിൽ കെ വി പരീക്കുട്ടി, കുഞ്ഞിപ്പ, ബാവ, കെ അലിക്കുട്ടി, സൈനുദ്ദീൻ, സൈതാലി, അബു, അലി, ബാപ്പുട്ടി, മൊയ്ദീൻ കുട്ടി, യാഹു, എൻ പി ലത്തീഫ്, മുഹമ്മദ് കുട്ടി, കെ വി ലത്തീഫ്, ശിഹാബ്, മാനു ഇവരെല്ലാം ചേർന്നാണ് നബിദിന റാലിയിൽ അണിനിരന്നത്. കാരണവന്മാർ റാലിയിൽ അറബനയുമായി അണിനിരന്നപ്പോൾ ആദ്യമൊന്നും ആരും ഗൗനിച്ചില്ല. എന്നാൽ, റാലി മെല്ലെ മുന്നോട്ട് നീങ്ങിയപ്പോൾ ഒപ്പം അറബന സംഘവും നീങ്ങി.
ഒക്ടോബർ ഒൻപതിന് നബിദിനത്തോട് അനുബന്ധിച്ച് നടന്ന റാലിയിലാണ് ഉപ്പൂപ്പമാര് ആദ്യമായി അറബനമുട്ട് അവതരിപ്പിച്ചത്. പാട്ടിനൊപ്പം താളത്തിലുള്ള അറബന മുട്ട് കണ്ട് ഏവരും ആദ്യമൊന്ന് അമ്പരന്നു. പിന്നാലെ വീഡിയോയും ഫോട്ടോയെടുപ്പുമായി. സംഭവം സോഷ്യൽ മീഡിയയിൽ തരംഗമാണിപ്പോൾ. പരിപാടി കണ്ട മറ്റ് നാടുകളിൽ നിന്ന് പലരും തങ്ങളുടെ നാട്ടിലെ പരിപാടിക്ക് അറബന സംഘത്തെ ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനകം പലയിടത്തും ഇവര് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. പ്രായത്തിന്റെ അസ്വസ്ഥതകൾ അലട്ടുന്നുണ്ടെങ്കിലും കൂട്ടമായി ഒരൊറ്റ മനസ്സോടെ ചെയ്യുന്ന ഈ പരിപാടി തങ്ങൾക്ക് ഏറെ മനസുഖം നല്കുന്നതായി ഇവര് പറയുന്നു. കൈനിക്കരയിലെ സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായ ജലീൽ എന്ന ഉണ്ണിയാണ് കാരണവന്മാരുടെ സംഘത്തെ അറബനമുട്ട് പരിശീലിപ്പിച്ചത്.