വാര്‍ഡുകളില്‍ കാന്‍സര്‍ നിയന്ത്രണ പരിപാടി
കുമ്പഡാജെയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം
കുമ്പഡാജെ :കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ആശാമാര്ക്കും പരിശീലനം നല്കി. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിഗെ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് തലത്തില്‍ ബോധവത്കരണം നടത്തി രോഗം പിടിപെടാന്‍ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കി കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുക എന്നുള്ളതാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലാ കാന്‍സര്‍ നിയന്ത്രണ പദ്ധതി, മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തില്‍ ബോധവത്കരണവും പരിശോധനയും നടത്തുന്നത്.
സ്തനാര്‍ബുദം, വായിലെ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍, മലാശയ കാന്‍സര്‍ തുടങ്ങിയവയാണ് നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട കാന്‍സര്‍. ജനിതക പ്രത്യേകത കൂടി വരുന്ന പ്രായം, ജീവിത ശൈലി മുതലായവ കാന്‍സര്‍ കാരണങ്ങളായി കണക്കാക്കുന്നു. ഉണങ്ങാത്ത മുറിവുകള്‍, പെട്ടെന്ന് ഉണ്ടാവുന്നതോ, വലുതാവുന്നതോ ആയ മുഴകള്‍, തുടരെ തുടരെയുള്ള ദഹനകേട്, മൂത്രത്തിലും മലത്തിലൂടെയുള്ള തുടര്‍ച്ചയായ രക്തം പോക്ക്, തുടര്‍ച്ചയായ ശബ്ദമടപ്പും ചുമയും തുടങ്ങിയവയും കാന്‍സര്‍ രോഗ ലക്ഷണങ്ങള്‍ ആവാം. സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, യുവജന സംഘടനകളുടെ സഹകരണത്തോടെയാണ് വാര്‍ഡുകളില്‍ ബോധവത്ക്കരണം നടത്തുന്നത്. മെഡിക്കല്‍ ഓഫീസര്‍ ഡോ:കെ.എസ്.സയ്യദ് ഹാമിദ് സുഹൈബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്റഫ് ക്ലാസ്സെടുത്തു. പി.എച്ച്.എന്‍. പി.സുധര്‍മ്മ,ജെ.എച്ച്.ഐമാരായ ബൈജു. എസ്.റാം, കെ.രാജേഷ്, ജെ.പി.എച്ച്.എന്‍ എ.ജി.ലീന എന്നിവര്‍ പ്രസംഗിച്ചു.