ദുർമന്ത്രവാദത്തിനെതിരെ നിയമം കൊണ്ടുവരും; ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: ദുർമന്ത്രവാദത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. നിയമനിർമാണം എന്തായി എന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് അറ്റോണിയോട് കോടതി നിർദേശിച്ചു.
ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ മന്ത്രവാദവും ആഭിചാരവും തടയാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘമാണ് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്. നിയമനിർമ്മാണം നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഈ നിയമം നടപ്പിലാക്കിയിട്ടുണ്ട്. സമാനമായ കൊലപാതകങ്ങൾ കേരളത്തിൽ ഇതിന് മുമ്പ് നടന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ അടിയന്തരമായി ഇത്തരം അനാചാരങ്ങൾ തടയാൻ നിയമനിർമ്മാണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു. അനാചാരങ്ങൾ തടയാനായി ജസ്റ്റിസ് കെ ടി തോമസ് അദ്ധ്യക്ഷനായ നിയമ പരിഷ്കാര കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകളിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ എത്രയും വേഗം നിയമം ഉണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. അനാചാരങ്ങളെ എതിര്‍ക്കുന്നത് മതവിശ്വാസത്തിന് എതിരാകില്ല. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ജനങ്ങളുടെ ഇടപെടല്‍ ഉണ്ടാവണം. പേരിനോട് ജാതി ചേർത്തിരുന്ന കാലത്ത് ജാതിവാൽ ഉപേക്ഷിച്ചതാണ് മന്നത്ത് പത്മനാഭൻ. ഇന്ന് പലരും വാശിയോടെ ജാതിപ്പേര് മക്കളുടെ പേരിനോട് ചേർക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.