ആരോഗ്യ വകുപ്പിന്റെ ടാസ് പരിപാടിക്ക് കുമ്പഡാജെയില്‍ തുടക്കം
കുമ്പഡാജെ :ആരോഗ്യ വകുപ്പ് നടത്തുന്ന ടാസ് (ട്രാന്സ്മിഷന് അസസ്മെന്റ്) സര്‍വേയ്ക്ക് അഗല്‍പാടി എസ്.എ.പി.എ.എല്‍.പി സ്കൂളില്‍ തുടക്കമായി. കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസൊളിഗെ ഉദ്ഘാടനം ചെയ്തു. കുമ്പള സി.എച്ച്.സിയുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തുന്നത്. സി.എച്ച്.സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്റഫ് അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുള്‍ റസാഖ്, പ്രധാനാധ്യാപകന് കെ.സത്യനാരായണ ഭട്ട്, ലാബ് ടെക്നീഷ്യന് സി.ദിവ്യ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബൈജു.എസ്.റാം, ജെ.പി.എച്ച്.എന്മാരായ എ.ജി.ലീന, ജയകുമാരി, അധ്യാപികരായ പി.അങ്കിത, എം.സൗമ്യ കുമാരി എന്നിവര്‍ സംബന്ധിച്ചു.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരം നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ മലമ്പനി, കാല അസാര്, മന്ത് രോഗങ്ങളുടെ നിവാരണമെന്ന ലക്ഷ്യത്തിലേക്കു നീങ്ങുകയാണ് കേരളം. 2027 ഓടുകൂടി മന്ത് രോഗ നിവാരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി തീവ്രയജ്ഞ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 2015 വരെ സമൂഹമന്ത് രോഗ ചികിത്സാ പദ്ധതിയിലൂടെ മന്തുരോഗാണുവിന്റെ വ്യാപനത്തോത് കുറക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഫലപ്രാപ്തി നിര്‍ണയത്തിനുള്ള ട്രാന്സ്മിഷന് അസ്സസ്മെന്റ് സര്‍വ്വേ 2017, 2019 വര്‍ഷങ്ങളില്‍ നടത്തിയിരുന്നു. സര്‍വേയുടെ ഭാഗമായി 1 ,2 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും രക്തസാമ്പിളുകള്‍ ശേഖരിച്ചു പരിശോധന നടത്തി രോഗവ്യാപനത്തോത് കണ്ടെത്തുകയാണ് സര്‍വ്വേയിലൂടെ ലക്ഷ്യമിടുന്നത്. 2017ലും 2019ലും നടന്ന സര്‍വേകളില്‍ സമൂഹത്തില്‍ കുറഞ്ഞ വ്യാപന നിരക്ക് മാത്രമാണ് കണ്ടെത്തിയിട്ടുണ്ട്.
കുമ്പള സി.എച്ച്.സി യുടെ നേതൃത്വത്തില്‍ ബദിയഡുക്ക, പുത്തിഗെ, കുമ്പള സ്കൂളുകളിലും സര്‍വേ നടക്കും.