എ കെ ജി സെന്റർ ആക്രമണക്കേസ്, ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി
തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഒട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ഇയാളുടെ ഡ്രൈവർ സുബീഷ്, ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തക ടി.നവ്യ എന്നിവർക്ക് വേണ്ടിയാണ് നോട്ടീസ് പുറത്തിറക്കിയത്. നോട്ടീസ് വിമാനത്താവളങ്ങൾക്ക് കൈമാറി.
പ്രധാനപ്രതിയായ ജിതിന് എല്ലാ സഹായങ്ങളും ചെയ്തത് ഇവരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സുഹൈലും നവ്യയും ഒളിവിലാണ്. സംഭവ ശേഷം സുബീഷ് വിദേശത്തേക്ക് കടന്നിരുന്നു.
എ കെ ജി സെന്റർ ആക്രമണത്തിന് ജിതിൻ എത്തിയ സ്കൂട്ടർ സുബീഷിന്റേതാണ്. ഈ സ്കൂട്ടർ ജിതിന് ഗൗരീശപട്ടത്ത് എത്തിച്ചുനൽകിയത് നവ്യയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആക്രമണത്തിനുശേഷം ഗൗരീശപട്ടത്തെത്തി ജിതിൻ കൈമാറിയ സ്കൂട്ടർ കഴക്കൂട്ടത്തേക്ക് ഓടിച്ചു പോയത് നവ്യയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് അന്വേഷണം ജിതിനിലേയ്ക്ക് എത്തിച്ചത്. ഗൗരീശപട്ടത്തു നിന്നും ജിതിൻ തന്റെ കാറിലാണ് കഴക്കൂട്ടത്തേക്ക് പോയത്. സ്കൂട്ടർ കഴക്കൂട്ടത്തു നിന്ന് ക്രൈംബ്രാഞ്ച് പിന്നീട് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലേക്ക് ആറ്റിപ്ര വാർഡിൽ നിന്ന് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് നവ്യയായിരുന്നു. കോൺഗ്രസ് ആർ എസ് പിക്ക് നൽകിയ സീറ്റ് നവ്യയ്ക്ക് വാങ്ങി നൽകിയത് ജിതിനാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. പ്രാദേശിക കോൺഗ്രസ് നേതൃത്വവും ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.
ജൂൺ 30 രാത്രി പതിനൊന്നരയോടെയാണ് എ കെ ജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടകവസ്തു എറിഞ്ഞത്. പൊലീസിനെ രണ്ടുമാസത്തോളം വട്ടംചുറ്റിച്ച ശേഷമായിരുന്നു ജിതിൻ പിടിയിലായത്.