ഓവർ സ്പീഡാണല്ലോ ! ബൈക്ക് യാത്രയ്ക്കിടയിലൊരു ചീറ്റൽ ശബ്ദം, സ്പീഡോമീറ്ററിൽ നോക്കിയപ്പോൾ പാമ്പ്
ഭോപ്പാൽ : നിർത്തിയിടുന്ന വാഹനത്തിൽ ഇഴജന്തുക്കൾ കയറുന്നത് ഇപ്പോൾ സാധാരണ സംഭവമാണ്. പലപ്പോഴും യാത്രയ്ക്കിടയിലാവും ഇവയെ കണ്ടെത്തുന്നത്. മദ്ധ്യപ്രദേശിൽ ഒരു ബൈക്കിൽ പാമ്പ് കയറിയ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ബൈക്കിന്റെ സ്പീഡോമീറ്ററിലാണ് പാമ്പ് കയറിയത്. മദ്ധ്യപ്രദേശിലെ നർസിങ്പൂരിലാണ് സംഭവം.നസീർഖാൻ എന്നയാളിന്റെ ബൈക്കിലാണ് പാമ്പ് സ്പീഡോമീറ്ററിൽ താമസമാക്കിയത്. യാത്രയ്ക്കിടയിൽ ചീറ്റുന്ന ശബ്ദം കേട്ട് ബൈക്ക് നിർത്തിയപ്പോഴാണ് സ്പീഡോമീറ്ററിൽ പാമ്പിനെ നസീർഖാൻ കണ്ടത്. തുടർന്ന് ബൈക്കിൽ നിന്നും ഇറങ്ങിയ ഇയാൾ നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പുറത്ത് എത്തിക്കാൻ ശ്രമം തുടങ്ങി. പാമ്പിനെ ബൈക്കിൽ നിന്ന് പുറത്തെടുക്കാൻ സ്ഥലത്തുണ്ടായിരുന്ന എല്ലാവരും നസീറിനെ സഹായിക്കാൻ ശ്രമിക്കുന്നത് വൈറലായ വീഡിയോയിൽ കാണാം. പലരും പല അഭിപ്രായമാണ് പറയുന്നത്. സ്പീഡോമീറ്ററിന്റെ ചില്ല് തകർക്കാനും ചിലർ ഉപദേശിക്കുന്നത് കാണാം. എന്തായാലും ഏറെ പ്രയത്നത്തിനൊടുവിൽ പാമ്പിനെ പുറത്തെത്തിച്ചു.