എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ വധശ്രമകുറ്റവും; മുന്‍കൂര്‍ ജാമ്യത്തിനുള്ള സാധ്യത മങ്ങി
കൊച്ചി: ബലാല്‍സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരേ ക്രൈംബ്രാഞ്ച് വധശ്രമ കുറ്റവും കൂടി ചുമത്തി. 307, 354 ബി വകുപ്പുകളാണ് പുതിയതായി ചേര്‍ത്തത്. വധശ്രമ കുറ്റം കൂടി ചുമത്തിയതോടെ എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം കിട്ടുക എന്നത് അസാധ്യമായിരിക്കുകയാണ്. അധ്യാപികയെ ആക്രമിച്ച കേസിലാണ് കുന്നപ്പിള്ളിക്കെതിരെ ഈ കുറ്റവും കൂടി ചുമത്തിയിരിക്കുന്നത്.
എട്ടാം ദിനവും ഒളിവില്‍ കഴിയുന്ന എല്‍ദോസിന്റെ ഒളിസ്ഥലം അന്വേഷണം സംഘത്തിന് കണ്ടെത്താനായിട്ടില്ല. എംഎല്‍എ ഒളിവിലാണെന്നും വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടെന്നും മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
നേരത്തെ എംഎല്‍എക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരുന്നു. പരാതിക്കാരിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രം കണ്ടെടുത്തു. പരാതിക്കാരിയുമായി പീഡനം നടന്ന സ്ഥലങ്ങളിലെത്തി പോലീസ് തെളിവെടുപ്പ് തുടരുകയാണ്. ഏഴ് സ്ഥലങ്ങളില്‍വച്ച് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരി പോലീസിന് നല്കിയ മൊഴി. അതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.
തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പ് നടന്നത്. കോവളത്തെ ഗസ്റ്റ് ഹൗസിലും ഹോട്ടലുകളിലും തെളിവെടുപ്പ് നടത്തിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരം പേട്ടയിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തു. അവിടെ നിന്ന് എല്‍ദോസ് കുന്നപ്പിള്ളിയുടെ ഒരു ടീ ഷര്‍ട്ട് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബലാത്സംഗം നടന്നതായി പറയുന്ന ദിവസം പേട്ടയിലെ വീട്ടിലെത്തിയപ്പോള്‍ ഉപയോഗിച്ച വസ്ത്രമെന്ന നിലയിലാണ് ടീ ഷര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
ഇന്ന് പെരുമ്പാവൂരിലെ എംഎല്‍എയുടെ വീട്ടിലും തെളിവെടുപ്പ് നടക്കും. വീട്ടില്‍വച്ചും പീഡനത്തിന് ഇരയായതായി പരാതിയില്‍ പറയുന്നുണ്ട്. ബലാത്സംഗക്കേസിലെ പരാതിക്കാരിയുമായി തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് പെരുമ്പാവൂരിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്