ഷാഫി മറ്റൊരു കൊലപാതകം കൂടി ചെയ്തു, കൃത്യം നടത്തിയത് എറണാകുളത്തുവച്ച്; മനുഷ്യമാംസം വിറ്റെന്ന് ലൈല
കൊച്ചി: ഇരട്ട നരബലിക്കേസിലെ മുഖ്യ ആസൂത്രകൻ ഷാഫിക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി കൂട്ടുപ്രതി ലൈല. ഷാഫി മൂന്നാമതൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്നും മനുഷ്യ മാംസം വിറ്റിട്ടുണ്ടെന്നും ലൈല പൊലീസിനോട് പറഞ്ഞു.ഒരു വർഷം മുൻപാണ് എറണാകുളത്ത് വച്ച് നടത്തിയ കൊലപാതകത്തെക്കുറിച്ച് ഷാഫി പറയുന്നത്. നരബലിയെക്കുറിച്ച് ആലോചിക്കുന്ന സമയമായിരുന്നു അത്. ഇലന്തൂരിലെ വീട്ടിലെ തിണ്ണയിലിരുന്നാണ് കൃത്യം നടത്തിയതിനെക്കുറിച്ചും മനുഷ്യ മാംസം വിറ്റതിനെക്കുറിച്ചും ഷാഫി പറഞ്ഞതെന്നാണ് ലൈലയുടെ മൊഴി.എന്നാൽ ഭഗവൽ സിംഗിനെയും ലൈലയേയും വിശ്വസിപ്പിക്കാൻ പറഞ്ഞ ഒരു കള്ളം മാത്രമാണ് എറണാകുളത്തെ കൊലപാതകമെന്നാണ് ഷാഫിയുടെ പ്രതികരണം. അതേസമയം, നരബലിക്ക് പിന്നിൽ അവയവ മാഫിയ ആണെന്ന പ്രചാരണം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു തള്ളി. വൃത്തിഹീനമായ ഒരു സാഹചര്യത്തിൽ അവയവ മാറ്റം സാദ്ധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നരബലിയിൽ കൂടുതൽ ഇരകളുണ്ടോയെന്ന് പരിശോധിക്കുമെന്നും കമ്മീഷണർ അറിയിച്ചു.