ടോമാറ്റോ സോസ് തേച്ച് ‘ആത്മഹത്യാ നാടകം’; ഇന്‍സ്റ്റാഗ്രമിനെയും പൊലീസിനെയും ഒരുപോലെ വട്ടം ചുറ്റിച്ച് യുവതി!
തിരുവനന്തപുരം: കേരളാ പൊലീസിനെയും സാമൂഹ്യമാധ്യമങ്ങളെയും ഒരു പോലെ വട്ടം ചുറ്റിച്ച് യുവതിയുടെ വ്യാജ ആത്മഹത്യാ ശ്രമം. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. തിരുവനന്തപുരം കരമയില്‍ യുവാവിനൊപ്പം താമസിക്കുന്ന യുവതി, ആത്മഹത്യാ ശ്രമം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആത്മഹത്യാ ശ്രമം ലൈവ് ചെയ്യുന്നത് തിരിച്ചറിഞ്ഞ ഇന്‍സ്റ്റാഗ്രം, ഇത് തങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ മോണിറ്ററിങ് സെല്ലിന്റെ ശ്രദ്ധയിൽപ്പെടുത്തി. അവർ ഉടൻ തന്നെ വിവരം കേരളാ പൊലീസിന്റെ സൈബർ സെല്ലിനെ അറിയിക്കുകയുമായിരുന്നു. ആത്മഹത്യാശ്രമം തടയാന്‍ കേരളാ പൊലീസും ജാഗരൂഗരായി. ഒടുവില്‍ കാര്യമറിഞ്ഞപ്പോള്‍ പൊലീസ് യുവതിയെ താക്കീത് ചെയ്തു.
സംഭവം ഇങ്ങനെ: ഇന്‍സ്റ്റാഗ്രാമിന്റെ മോണിറ്ററിങ്ങ് സെല്‍ കേരളത്തില്‍ നിന്നും പ്രസിദ്ധപ്പെടുത്തിയ ഒരു വീഡിയോ മോണിറ്റര്‍ ചെയ്തപ്പോള്‍ അതില്‍ ആത്മഹത്യാ ശ്രമമുള്ളതായി കണ്ടെത്തി. ഇവര്‍ ഉടനെ തങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ മോണിറ്ററിങ്ങ് സെല്ലിന് ഇത് കൈമാറി. അവിടെ നിന്നും സന്ദേശം കേരളാ പൊലീസിന്റെ കൊച്ചി സൈബര്‍ സെല്ലിന് കൈമാറി. വീഡിയോയ്ക്ക് ഒപ്പം യുവതിയുടെ ഐ.പി അഡ്രസ്സും മെറ്റാ ടീം സൈബർ സെല്ലിന് കൈമാറി. യുവതിയുടെ പ്രൊഫൈൽ പരിശോധിച്ച സൈബർ സെൽ ഇവരെ തിരിച്ചറിഞ്ഞു. തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം ഈ വിവരം ചേർത്തല, കരമന പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറി. ഇരു ടീമുകളായി അന്വേഷണം പുരോഗമിച്ചു. ഒടുവില്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ വീഡിയോ പങ്കുവച്ചയാളെ പൊലീസ് കണ്ടെത്തി. ഒടുവില്‍ ഇവരുടെ വീട്ടിലേക്ക് പാഞ്ഞെത്തിയ പൊലീസ് അമ്പരന്നു. ആത്മഹത്യാ ശ്രമം നടത്തിയ യുവതിക്ക് കുഴപ്പമൊന്നുമില്ല.
തുടര്‍ന്ന് പൊലീസ് കാര്യമന്വേഷിച്ചപ്പോള്‍, മൂന്ന് വര്‍ഷമായി ഒപ്പം താമിസിക്കുന്ന മാമ്പഴക്കര സ്വദേശിയായ യുവാവുമായി രാവിലെ വാക്കുതര്‍ക്കം ഉണ്ടായതായും ഇതിനെ തുടര്‍ന്ന് യുവാവന് പുറത്ത് പോയെന്നും യുവതി പറഞ്ഞു. ഏറെ നേരമായിട്ടും ഇയാള്‍ മടങ്ങി വന്നില്ല. ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല. തുടര്‍ന്ന് ഇയാളെ ഭയപ്പെടുത്താന്‍ വേണ്ടി ടൊമാറ്റോ സോസ് കൈയില്‍ തേച്ച് വ്യാജ ആത്മഹത്യാ ശ്രമമായിരുന്നു അതെന്നും യുവതി പൊലീസിനോട് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ യുവാവും യുവതിയോടൊപ്പമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരെയും പൊലീസ് താക്കീത് ചെയ്തു.