വിദ്യാര്‍ഥിയുടെ മരണം: സ്കൂള്‍ ബസിന് പെര്‍മിറ്റ് ഉണ്ടായിരുന്നില്ല, അപകടത്തിന് പിന്നാലെ പുതുക്കി
കോഴിക്കോട്: കൊടിയത്തൂരില്‍ വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട സ്കൂള്‍ ബസ്സിന് പെര്‍മിറ്റ് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍. അപകടം നടന്നതിന് തൊട്ടുപിന്നാലെയാണ് ബസ്സിന്റെ പെര്‍മിറ്റ് പുതുക്കിനല്‍കിയത്. പുതുക്കാനുള്ള അപേക്ഷ വെള്ളിയാഴ്ചയാണ് ലഭിച്ചതെന്ന് മോട്ടോര്‍വാഹനവകുപ്പും വിശദീകരിച്ചു.
ഓഗസ്തില്‍ തന്നെ ബസ്സിന്റെ പെര്‍മിറ്റ് കാലാവധി പൂര്‍ത്തിയായിരുന്നുവെന്നാണ് വിവരം.സ്കൂള്‍ ബസ്സുകളുടെ പെര്‍മിറ്റ് കാലാവധി അവസാനിക്കുന്നതിന് മുന്‍പേ പുതുക്കാന്‍ അപേക്ഷിക്കേണ്ടതാണെങ്കിലും രണ്ട് മാസത്തോളം പെര്‍മിറ്റ് ഇല്ലാതെ ബസ് സര്‍വീസ് നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച മാത്രമാണ് പെര്‍മിറ്റ് പുതുക്കാന്‍ അപേക്ഷ നല്‍കിയത്. അപകടമുണ്ടായ ദിവസം രാത്രി 7.24നാണ് പെര്‍മിറ്റ് പുതുക്കി നല്‍കിയതായി മോട്ടോര്‍വാഹനവകുപ്പിന്റെ പരിവാഹന ആപ്പില്‍ കാണുന്നത്. അതേസമയം സെര്‍വര്‍ പ്രശ്നമാണ് വൈകിയതിന് കാരണമെന്ന് വകുപ്പും വിശദീകരിക്കുന്നു. പെര്‍മിറ്റ് ഇല്ലാത്തതിനാല്‍ സ്കൂള്‍ അധികൃതരില്‍ നിന്ന് 7500 രൂപ പിഴയായി ഈടാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച വൈകുന്നേരമാണ് മുഹമ്മദ് ബാഹിഷ് (14) എന്ന വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. സ്കൂള്‍ കോമ്പൗണ്ടില്‍ ഒരേദിശയില്‍ നിര്‍ത്തിയിട്ട രണ്ട് സ്കൂള്‍ ബസുകളില്‍ ഒന്ന് മുന്നോട്ടെടുത്തു. ബസിന്റെ പിന്‍ചക്രം കുഴിയില്വീഴുകയും ഇതോടെ നിര്‍ത്തിയിട്ട ബസിലേക്ക് മുന്നോട്ടെടുത്ത ബസ് അടുത്തപ്പോള്‍ ഇതുവഴി വരുകയായിരുന്ന വിദ്യാര്‍ഥി ഇതിനിടയില്‍ കുടുങ്ങിയാണ് അപകടം നടന്നത്.
വിദ്യാര്‍ഥി വീണുകിടക്കുന്നത് ദൂരെനിന്ന് കണ്ട പ്ലസ്ടു വിദ്യാര്‍ഥിയാണ് അധ്യാപകരെ അപകടവിവരമറിയിച്ചത്. ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സ്കൂള്ബസുകള്ക്കിടയില് കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. കൊടിയത്തൂര്‍ പി.ടി.എം. ഹൈസ്കൂള്‍ ഒന്‍പതാംക്ളാസ് വിദ്യാര്‍ഥിയാണ്് മുഹമ്മദ് ബാഹിഷ്. പാഴൂര്‍ തമ്പലങ്ങാട്ട്കുഴി ബാവയുടെയും നഫീസ റഹ്മത്തിന്റെയും മകനാണ്.