ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു കൊന്നു, ആശുപത്രിയിൽ എത്തിച്ചത് കുടൽമാല പുറത്ത് വന്ന നിലയിൽ
നോയിഡ : കേരളത്തിന് സമാനമായ അവസ്ഥയിൽ യുപിയിലും തെരുവ് നായ ശല്യത്താൽ പൊറുതിമുട്ടുകയാണ് ജനം. നോയിഡ ഹൗസിങ് സൊസൈറ്റിയിൽ തെരുവുനായയുടെ ആക്രമണത്തിൽ ഏഴു മാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു. ഇവിടെ സമ്പന്നർ അധിവസിക്കുന്ന സെക്ടർ 100ൽ സ്ഥിതി ചെയ്യുന്ന ലോട്ടസ് ബൊളിവാർഡ് എന്ന ഹൗസിംഗ് സൊസൈറ്റിയിലാണ് ദാരുണ സംഭവമുണ്ടായത്.
ഇവിടെ നിർമ്മാണത്തൊഴിലിനായെത്തിയ തൊഴിലാളിയുടെ കുഞ്ഞിനെയാണ് തെരുവ് നായ ആക്രമിച്ചത്.
തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ നോയിഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ കുഞ്ഞിന്റെ കുടൽ പുറത്ത് വന്ന അവസ്ഥയിലായിരുന്നു. ആശുപത്രിയിൽ വച്ച് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല. നായയുടെ ആക്രമണത്തിൽ കുഞ്ഞ് മരിച്ചതിൽ രോഷാകുലരായ നാട്ടുകാർ അധികാരികൾക്കെതിരെ ഒത്തുകൂടുകയും വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.