ഭാര്യയേയും മക്കളെയും കൊന്ന് നാൽപ്പതുകാരൻ തൂങ്ങിമരിച്ചു; വിവരം അയൽവാസികൾ അറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷം
ഹൈദരാബാദ്: ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി നാൽപ്പതുകാരൻ ജീവനൊടുക്കി. ഹൈദരാബാദിലെ ചന്ദനഗറിലാണ് സംഭവം. നാഗരാജു, ഭാര്യ സുജാത, മക്കളായ സിദാപ്പ, രമ്യശ്രീ എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച മാത്രമാണ് വിവരം പുറംലോകമറിഞ്ഞത്. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെത്തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വീടിനുള്ളിൽ കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
‘കിടപ്പുമുറിയിലെ ഫാനിലാണ് നാഗരാജു തൂങ്ങിമരിച്ചത്. തറയിൽ രക്തത്തിൽ നിലയിലായിരുന്നു ഇയാളുടെ ഭാര്യയുടെയും മക്കളുടെയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം നാഗരാജു തൂങ്ങിമരിക്കുകയായിരുന്നു. ഇയാൾക്ക് കുറച്ചുകാലമായി ജോലിയൊന്നും ഇല്ലായിരുന്നു. തയ്യൽ ജോലി ചെയ്ത് സുജാതയാണ് കുടുംബം പുലർത്തിയിരുന്നത്. പണം ആവശ്യപ്പെട്ടുകൊണ്ട് കുറച്ചുനാളുകളായി നാഗാരാജു ഭാര്യയെ ഉപദ്രവിച്ചിരുന്നു. വെള്ളിയാഴ്ചയും ഇരുവരും തമ്മിൽ തർക്കമുണ്ടായി.’ – പൊലീസ് പറഞ്ഞു.