യുവതിയുടെ വീട്ടിൽ നിന്ന് എൽദോസിന്റെ ടീഷർട്ടും മദ്യക്കുപ്പികളും കണ്ടെത്തി; എം എൽ എയ്ക്കെതിരെ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി കേസ്
തിരുവനന്തപുരം: ബലാത്സംഗക്കേസിന് പുറമേ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്കെതിരെ വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ കൂടി ചുമത്തി. പുതിയ വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു.കോവളത്ത് വച്ച് പരാതിക്കാരിയെ വധിക്കാൻ ശ്രമിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പുകൾ ചുമത്തിയത്. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ മൊഴി. വസ്ത്രം വലിച്ചുകീറി അപമാനിച്ചുവെന്നും യുവതി മൊഴി നൽകി.അതേസമയം, എംഎൽഎയ്ക്കെതിരെ യുവതി നൽകിയ ബലാത്സംഗ കേസിൽ തെളിവെടുപ്പ് തുടരുകയാണ്. എംഎൽഎയുടെ പെരുമ്പാവൂരുള്ള വീട്ടിൽ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. വീട്ടിൽ വച്ചും എൽദോസ് പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ്, യുവതി താമസിക്കുന്ന സ്ഥലം, വിഴിഞ്ഞത്തെ റിസോർട്ട് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിക്കാരിയുടെ വീട്ടിൽ നിന്ന് എംഎൽഎയുടെ ടീഷർട്ടും മദ്യക്കുപ്പിയുമുൾപ്പെടെയുളള തെളിവുകൾ അന്വേഷണസംഘം കണ്ടെത്തി. പീഡനത്തിനിരയാക്കിയ ദിവസം എംഎൽഎ ധരിച്ചിരുന്ന ടീഷർട്ടാണിതെന്ന് യുവതി തിരിച്ചറിഞ്ഞതോടെ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറാൻ വസ്ത്രം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.യുവതിയുടെ വീട്ടിൽ എംഎൽഎ തങ്ങിയ മുറിയിൽ നിന്ന് മുന്തിയ ഇനംവിദേശ മദ്യത്തിന്റെ കുപ്പിയും കണ്ടെത്തി.എൽദോസ് ഭീഷണി മെസെജുകൾ അയക്കുകയാണെന്നും, പരാതി ആദ്യം അന്വേഷിച്ച കോവളം എസ്എച്ച്ഒ പണം വാങ്ങി പരാതി പിൻവലിക്കാൻ നിർബന്ധിച്ചുവെന്നും കാണിച്ച് രണ്ട് പുതിയ പരാതികൾ യുവതി കമ്മീഷണർക്ക് നൽകിയിട്ടുണ്ട്. ഈ രണ്ട് പരാതികളും ബലാത്സംഗ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന എൽദോസിനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് തുടരുകയാണ്.