കാലിഫോര്‍ണിയ : അമേരിക്കന്‍ ബാസ്ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു.അപകടത്തില്‍ ഇദ്ദേഹത്തിന്റെ 13 കാരിയായ മകള്‍ ജിയാന ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു.
ഞായറാഴ്ച്ചയായിരുന്നു അപകടം.കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്.ലാസ് വിര്‍ജെനെസില്‍ നിന്ന് പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റര്‍ കലബസാസ് മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു.
അപകടശേഷം ഹെലികോപ്റ്ററിന് തീപിടിച്ചത് ദുരന്തത്തിന്റെ ആഴംകൂട്ടി. മരിച്ച മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.ബാസ്ക്കറ്റ് ബോള്‍ താരമായ മകളെ പരിശീലനത്തിന് കൊണ്ടുപോവുന്നതിനിടെയാണ് അപകടം. 1991ല്‍ നിര്‍മ്മിതമായ എസ് 76 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്ക്കറ്റ് ബോള്‍ ടീമായ ലേക്കേസിന് വേണ്ടി കളിച്ച സീസണുകളില്‍ 18 ലും കോബിയായിരുന്നു താരം.2008, 2012 ഒളിംപിക്സില്‍ അമേരിക്കക്ക് വേണ്ടി സ്വര്‍ണമെഡലും കോബി നേടിയിട്ടുണ്ട്. 2007-2008 കാലഘട്ടത്തിലെ എന്‍.ബി.എ താരങ്ങളില്‍ ഏറ്റവും വിലയേറിയ താരം.