രാജ്യത്ത് ഉള്ളി വില കുതിക്കുന്നു; പുതിയ വിളയെ കാത്ത് വ്യാപാരികൾ
ഡൽഹി : രാജ്യത്ത് ഉള്ളി വില കുതിച്ചുയർന്നതായി റിപ്പോർട്ട്. ഉള്ളിയുടെ ലഭ്യത കുറവാണു വില ഉയരാൻ കാരണമാകുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഏകദേശം 60 മുതൽ 80 ശതമാനം വരെ വില വർധിച്ചു എന്നാണ് ദ ഫ്രീ പ്രസ് ജേണലിന്റെ റിപ്പോർട്ട്. നവംബർ ആദ്യവാരത്തോടെ പുതിയ വിളകൾ വിപണിയിലെത്തുന്നതുവരെ വിലക്കയറ്റം തുടർന്നേക്കാം.
ഉള്ളിയുടെ ചില്ലറ വിൽപന വില രാജ്യത്ത് കിലോയ്ക്ക് 40 രൂപ കടന്നു. അതേസമയം ഒക്ടോബർ തുടക്കത്തിൽ, ചില്ലറ വിപണിയിൽ ഉള്ളി കിലോയ്ക്ക് 15 രൂപ മുതൽ 25 രൂപ വരെ ആയിരുന്നു. വരും ദിവസങ്ങളിൽ ഉള്ളി വില 50 രൂപ കടക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
ഉള്ളിയുടെ പഴയ സ്റ്റോക്കുകൾ തീർന്നുകൊണ്ടിരിക്കുകയാണെന്ന് എപിഎംസി അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നു. പുതിയ സ്റ്റോക്കുള്ള എത്തിയിട്ടില്ല അതിനാൽ വില കുത്തനെ ഉയരുകയാണ്. റാബി ഇനം ഉള്ളി വിപണിയിൽ എത്തുന്നതോടെ വിപണിയിൽ വില കുറയുമെന്ന് വ്യാപാരികൾ അഭിപ്രായപ്പെടുന്നു. മൊത്തം ഉള്ളി ഉൽപാദനത്തിന്റെ 70 ശതമാനവും റാബി ഉള്ളിയാണ്. ഖാരിഫ് ഇനത്തിലുള്ള ഉള്ളി ഉത്പാദനത്തിൽ കുറവാണെങ്കിലും സെപ്തംബർ-നവംബർ മാസങ്ങളിലെ ക്ഷാമ സമയങ്ങളിൽ വിപണിയിലെ ലഭ്യത കുറവ് പരിഹരിക്കുന്നു.