‘ഞങ്ങൾ ഞങ്ങളുടെ വഴി തിരിച്ചറിഞ്ഞു’, വിവാഹത്തിന് ശേഷം റൺവീറുമായുള്ള വഴക്കിനെക്കുറിച്ച് ദീപിക പദുക്കോൺ
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുക്കോണും റൺവീർ സിംഗും. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ഇരുവരുടെയും പരസ്പരമുള്ള ഇടപെടൽ ഏറെ ശ്രദ്ധനേടാറുണ്ട്. ഇരുവരും അഭിമുഖങ്ങളിലും മറ്റും പരസ്പം പ്രശംസിക്കുന്നതും പിന്തുണയ്ക്കുന്നതും മാദ്ധ്യമങ്ങളിൽ ഇടംപിടിക്കാറുമുണ്ട്. ഇപ്പോഴിതാ വിവാഹശേഷമുള്ള ഇരുവരുടെയും ജീവിതത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് ദീപിക.വിവാഹശേഷം തങ്ങൾ പരസ്പരം ഒരിക്കലും വഴക്കിട്ടിട്ടില്ലെന്നും വഴക്കിടാറില്ലെന്നുമാണ് ദീപിക വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങൾ ആരാണെന്നും എന്താണെന്നും മനസിലാക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്നതിനാലാണ് ഇതിന് സാധിക്കുന്നതെന്നും ദീപിക പറഞ്ഞു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.റൺവീർ എങ്ങനെയുള്ളയാളാണെന്ന് താൻ മനസിലാക്കുന്നു, അതുപോലെ താൻ എങ്ങനെയുള്ള വ്യക്തിയാണെന്ന് റൺവീർ മനസിലാക്കുന്നു. തങ്ങൾ രണ്ടുപേരും വളരെ വ്യത്യസ്തരാണ്. താൻ പുലർച്ചെ എഴുന്നേറ്റ് രാവിലെതന്നെ കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നയാളാണ്. അച്ചടക്കമുള്ള വ്യക്തിയാണ്. എന്നാൽ റൺവീറിന്റെ ശീലങ്ങൾ തികച്ചും വ്യത്യസ്തമാണ്. എന്നാൽ പരസ്പരം എങ്ങനെയായിരിക്കണമെന്നുള്ള വഴി തങ്ങൾ തിരിച്ചറിഞ്ഞുവെന്നും താരം പറഞ്ഞു.താരദമ്പതികൾ തമ്മിൽ വേർപിരിഞ്ഞുവെന്ന് അടുത്തിടെ മാദ്ധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞിരുന്നു. ഇതിന് ദീപിക പദുക്കോൺ പ്രതികരിച്ചതും ഏറെ ശ്രദ്ധനേടിയിരുന്നു. പ്രിൻസ് ഹാരിയുടെ ഭാര്യ മേഗൻ മാർക്കിൾ അവതരിപ്പിക്കുന്ന പരിപാടിയായ ആർക്കിടൈപ്പ്സിലാണ് താരം ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്. ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് തന്റെ ഭർത്താവ് പുറത്താണെന്നും വീട്ടിൽ എത്തിയതേയുള്ളുവെന്നും തന്റെ മുഖം കാണുമ്പോൾ ഏറെ സന്തോഷിക്കുമെന്നുമായിരുന്നു അഭ്യൂഹങ്ങൾക്ക് മറുപടിയെന്നോണം ദീപിക പ്രതികരിച്ചത്.