‘നമ്മള് നാലുപേരും മരിക്കും’; ലൈവില്‍ പറഞ്ഞതിന് പിന്നാലെ അപകടം
ലഖ്നൗ: ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരില്‍ അമിതവേഗം കാരണം നാലുപേരുടെ മരണത്തിനിടയാക്കിയ കാറപകടം വെള്ളിയാഴ്ചയാണ് നടന്നത്. കാറിലുണ്ടായിരുന്നവർ അപകടത്തിനു തൊട്ടുമുന്‍പ് ഫേയ്സ്ബുക്കില്‍ പങ്കുവെച്ച ലൈവ് വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. കാറിലുണ്ടായിരുന്ന യാത്രക്കാരന് അതിവേഗതയില്‍ ഓടിക്കുന്ന ഡ്രൈവറോട് ‘നമ്മള് നാല് പേരും മരിക്കും’ എന്ന് പറയുന്നത് ഈ വീഡിയോയില്‍ കേള്‍ക്കാം. ഇതിനിടെ മറ്റൊരു യാത്രികന് വേഗത വര്‍ധിപ്പിക്കാനും ഡ്രൈവറോട് ആവശ്യപ്പെടുന്നുണ്ട്.
പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേയിലായിരുന്നു അപകടം. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയിലായിരുന്നു അപകടത്തില്‍പ്പെട്ട ബി.എം.ഡബ്ല്യൂ. കാറെന്ന് ഫെയ്സ്ബുക്ക് ലൈവില്‍ പതിഞ്ഞിട്ടുള്ള സ്പീഡോമീറ്റര്‍ ദൃശ്യത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. തൊട്ടുപിന്നാലെയാണ് കാറ് കണ്ടെയ്നറില്‍ ഇടിക്കുകയും നാല് പേരും ദാരുണമായി മരിക്കുകയും ചെയ്തത്.
സുല്‍ത്താന്‍പുരില്‍നിന്ന് ഡല്‍ഹി ഭാഗത്തേക്ക് പോകുകയായിരുന്ന ബി.എം.ഡബ്ല്യൂ. കാര്‍ എതിരെ വന്ന കണ്ടെയ്നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്നവര്‍ പുറത്തേക്ക് തെറിച്ചുവീണു. ബിഹാര്‍ സ്വദേശികളായ ആനന്ദ് പ്രകാശ്, അഖിലേഷ് സിങ്, ദീപക് കുമാര്‍, മുകേഷ് എന്നിവരാണ് മരിച്ചത്. റോഹ്ത്താസ് മെഡിക്കല്‍ കോളേജ് പ്രൊഫസറായ ഡോ. ആനന്ദ് പ്രകാശാണ് വണ്ടിയോടിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം.
അതിനിടെ, കണ്ടെയ്നര്‍ ഡ്രൈവര്‍ക്കെതിരേ അശ്രദ്ധമായി വാഹനമോടിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവില്‍പോയ ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.