തമ്പുരാൻ ആകാൻ ശ്രമിക്കേണ്ട, അഴിമതിക്ക് കൂട്ടുനിന്നിട്ട് പാർട്ടിയിൽ തുടരാമെന്ന് ആരും കരുതേണ്ട; പാർട്ടിയോഗങ്ങളിൽ പി കെ ശശിക്കെതിരെ വിമർശനം
പാലക്കാട്: കെ ടി ഡി സി ചെയർമാനും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി കെ ശശിക്ക് പാർട്ടി കമ്മിറ്റികളിൽ രൂക്ഷവിമർശനം. ശശിക്കെതിരെ രണ്ട് പ്രവർത്തകർ നൽകിയ പരാതിയെക്കുറിച്ച് ചർച്ച ചെയ്യാനായി നടത്തിയ മണ്ണാർക്കാട് ഏരിയ, ലോക്കൽ കമ്മിറ്റി യോഗങ്ങളിലാണ് വിമർശനം.
ആരും തമ്പുരാൻ ആകാൻ ശ്രമിക്കേണ്ടെന്നും പാർട്ടി അറിയാതെ നടത്തിയ നിയമനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. അഴിമതിക്ക് കൂട്ടുനിന്നിട്ട് പാർട്ടിയിൽ തുടരാമെന്ന് ആരും മോഹിക്കേണ്ടെന്നും തെറ്റുകൾ ചൂണ്ടിക്കാണിച്ചവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്ന രീതിയുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
പാർട്ടി ഭരിക്കുന്ന സ്ഥാപനങ്ങളിൽ വേണ്ടപ്പെട്ടവരെ നിയമിച്ചെന്നാണ് ശശിക്കെതിരെയുള്ള പ്രധാന ആരോപണം. സഹോദരിയുടെ മകനും ഭാര്യയ്ക്കും ജോലി നൽകിയെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ സഹകരണ സ്ഥാപനങ്ങളിലെ പത്ത് വർഷത്തെ നിയമനങ്ങൾ പരിശോധിക്കാൻ പാർട്ടി തീരുമാനിച്ചു. പാർട്ടി ഫണ്ട് വെട്ടിച്ചെന്നും നാട്ടുചന്തയ്ക്ക് ഭൂമി വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും ആരോപണമുണ്ട്.