തിരുവക്കോളി പാർഥസാരഥി ക്ഷേത്രത്തിൽ ഗീതാജ്ഞാന യജ്ഞത്തിന് തുടക്കമായി
പാലക്കുന്ന് : തിരുവക്കോളി തിരൂർ പാർഥസാരഥി ക്ഷേത്രത്തിൽ ഗീതാജ്ഞാന യജ്ഞത്തിന് തുടക്കമായി.21 വരെ നീളുന്ന യജഞ പരിപാടി ക്ഷേത്ര ഭരണ സമിതി, യു.എ.ഇ.കൂട്ടായ്മ, കാസർകോട് ചിന്മയ മിഷൻ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് നടത്തുക. ഭഗവത്ഗീത നാലാം അധ്യായത്തിലെ ജ്ഞാന കർമസന്യാസയോഗ വിഷയത്തിൽ പാലക്കാട് എടത്തറ ചിന്മയ മിഷൻ കേന്ദ്രത്തിലെ അഖിലേഷ് ചൈതന്യാജിയാണ് പ്രഭാഷണം നടത്തുന്നത്. യജ്ഞ പ്രഭാഷണ ശേഷം എല്ലാ ദിവസവും ഗീത ആരതി ഉണ്ടായിരിക്കും. മുൻ എസ്.പി. എ. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര പ്രസിഡന്റ് പ്രഭാകരൻ പാറമ്മൽ അധ്യക്ഷനായി.
കെ.യു. പദ്മനാഭ തന്ത്രി, ക്ഷേത്ര രക്ഷാധികാരികളായ എം. പി. കുഞ്ഞിരാമൻ, കോടോത്ത് കുഞ്ഞികൃഷ്ണൻ നായർ, കാസർകോട് ചിന്മയ മിഷനിലെ കെ. എം. നാരായണൻ, പ്രവാസി കൂട്ടായ്മ പ്രതിനിധി വി.വി. കുഞ്ഞിക്കണ്ണൻ, ക്ഷേത്ര സമിതി ജ. സെക്രട്ടറി ബി. ദേവദാസ്, ട്രഷറർ നാരായണൻ മുല്ലച്ചേരി, മാതൃസമിതി രക്ഷാധികാരി വിജയമ്മ ഗോപാലൻ എന്നിവർ സംസാരിച്ചു. ഞായറാഴ്ച വൈകുന്നേരം പദ്മനാഭ തന്ത്രിക്കും അഖിലേഷ് ചൈതന്യാജിക്കും പൂർണകുംഭ വരവേൽപ്പ് നൽകി.
ഭക്തജനങ്ങൾക്ക് അവരുടെ വിശേഷനാളുകളിൽ 3000 രൂപ അടച്ച് ക്ഷേത്രത്തിൽ ശാശ്വത പൂജ നടത്താവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.