ഹൻസിക മോട്വാനി വിവാഹിതയാകുന്നു; വേദിയായി 450 വർഷം പഴക്കമുള്ള കൊട്ടാരം, തയ്യാറെടുപ്പുകൾ തുടങ്ങി
തെന്നിന്ത്യൻ സൂപ്പർതാരം ഹൻസിക മോട്വാനി വിവാഹിതയാകുന്നു. ഡിസംബറിൽ താരത്തിന്റെ വിവാഹമുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ജയ്പൂരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ വച്ചായിരിക്കും താരത്തിന്റെ വിവാഹചടങ്ങുകൾ നടക്കുകയെന്നാണ് വിവരം. ജയ്പൂരിലെ മുണ്ടോട്ട കോട്ടയും കൊട്ടാരവുമായിരിക്കും വിവാഹവേദിയാവുക.ആഡംബര വിവാഹത്തിനായി കൊട്ടാരത്തിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. വിന്റേജ് മാതൃകയിലായിരിക്കും വിവാഹമെന്നാണ് സൂചന. അതിഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്.പ്രമുഖ രാഷ്ട്രീയക്കാരന്റെ മകനായ ബിസിനസുകാരനാണ് വരനെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. 2013ൽ ഹൻസിക തമിഴ് നടൻ ചിമ്പുവുമായി വിവാഹിതയാകാൻ ഒരുങ്ങുകയാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നു. ഹൻസിക കാമുകിയാണെന്ന് ചിമ്പു തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നാലെ ഇരുവരും പിരിയുകയായിരുന്നു.
ഷക ലക ബൂം ബൂം’, ‘ക്യുങ്കി സാസ് ഭി കഭി ബഹു തി’, ‘സൺ പരി’ തുടങ്ങിയ ടിവി സീരിയലുകളിൽ ബാലതാരമായാണ് ഹൻസിക തന്റെ കരിയർ ആരംഭിച്ചത്. ഹൃത്വിക് റോഷന്റെ ‘കോയി മിൽ ഗയ’ എന്ന ഹിറ്റ് ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. ഇവ കൂടാതെ ‘ആപ് കാ സുരൂർ’, ‘മണി ഹേ തോ ഹണി ഹേ’ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും ഹൻസിക വേഷമിട്ടു. ജൂലായിൽ പുറത്തിറങ്ങിയ ‘മഹാ’ എന്ന ചിത്രത്തിലാണ് ഹൻസിക അവസാനമായി അഭിനയിച്ചത്. രാജ ദുസ സംവിധാനം ചെയ്യുന്ന ‘ഒൺ നോട്ട് ഫൈവ് മിനിട്സ്’ എന്ന ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്.