വിരുന്നിനെത്തിയ നവദമ്പതികൾ നദിയിൽ മുങ്ങിമരിച്ചു
ഇടുക്കി: നവദമ്പതികൾ ഉൾപ്പടെ മൂന്നുപേർ നദിയിൽ മുങ്ങിമരിച്ചു. ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിന് സമീപം പെരിയത്തുകോംബെ നദിയിൽ കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചത്. സുബ്ബരാജ് നഗർ പുതുക്കോളനിയിൽ താമസിക്കുന്ന രാജ (30), ഭാര്യ കോയമ്പത്തൂർ സ്വദേശി കാവ്യ (20), സഞ്ജയ് (24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ഒരുമാസം മുൻപാണ് രാജയും കാവ്യയും വിവാഹിതരായത്. ഇരുവരും സഞ്ജയുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു. നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ദമ്പതികൾ പാറയിൽ നിന്ന് കാൽവഴുതി വീണു. ഒഴുക്കിൽപ്പെട്ട കാവ്യയെയും രാജയെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഞ്ജയ് അപകടത്തിൽപ്പെടുകയായിരുന്നു. ലണ്ടനിലായിരുന്ന സഞ്ജയ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.