മലപ്പുറം: കെപിസിസിയുടെ പുനഃസംഘടനാപട്ടികയെക്കുറിച്ചുള്ള തന്റെ വിമർശനം തുറന്ന് പറഞ്ഞത് പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ചേരാത്തതുകൊണ്ടെന്ന് കെ മുരളീധരൻ എംപി. കോൺഗ്രസിന്റെ ഒരു ഫോറത്തിൽത്തന്നെയാണ് താൻ അഭിപ്രായം പറഞ്ഞത്. പാർട്ടിയുടെ രാഷ്ട്രീയകാര്യസമിതി അഞ്ച് മാസമായി ചേരാത്തത് ഇനി തന്റെ കുറ്റം കൊണ്ടാണോ എന്ന് ചോദിച്ച കെ മുരളീധരൻ, ‘താമരക്കുമ്പിളിലല്ല തന്റെ മമ ഹൃദയം’ എന്ന് മുല്ലപ്പള്ളിയെ ഒന്ന് കുത്തുകയും ചെയ്തു.
പാർട്ടിയിൽ നിന്ന് പോയവരെക്കുറിച്ചോ, വന്നവരെക്കുറിച്ചോ തനിക്കൊന്നും പറയാനില്ല. താമരക്കുമ്പിളിലല്ല തന്റെ മമ ഹൃദയം എന്ന് മാത്രമേ പറയാനുള്ളൂ എന്നായിരുന്നു മുരളീധരന്റെ പരിഹാസം. യുവാക്കളുടെയും സ്ത്രീകളുടെയും എണ്ണം കെപിസിസി പട്ടികയിൽ തീരെ കുറവാണ്. അത് പട്ടികയുടെ ന്യൂനത തന്നെയാണ്. ആ വാദത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.
കേരളത്തിൽ ഇന്ന് എൽഡിഎഫ് നടത്തിയ മനുഷ്യശൃംഖലയിൽ യുഡിഎഫിന് വോട്ട് ചെയ്ത പലരും പങ്കെടുത്തിട്ടുണ്ട്. ഞാനടക്കം ജയിച്ചത് ആ മനുഷ്യരുടെ വോട്ടുകൊണ്ടാണ് ജയിച്ചത്. ആ ന്യൂനപക്ഷത്തിന്റെ പിന്തുണ, ആ വോട്ട് പോകാതെ നോക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കുണ്ട് – എന്ന് മുരളീധരൻ.
കെപിസിസി പുനഃസംഘടനയെക്കുറിച്ച് രൂക്ഷവിമർശനമാണ് പട്ടിക പുറത്തുവന്നതിന് പിന്നാലെ മുരളീധരൻ ഉയർത്തിയത്. ബൂത്ത് പ്രസിഡന്റ് ആകാൻ പോലും യോഗ്യതയില്ലാത്തവർ ഭാരവാഹികളാകുന്നു എന്നായിരുന്നു മുരളീധരൻ പറഞ്ഞത്. ”ഇത് പാർട്ടിയുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കും. ഇപ്പോഴത്തെ ഭാരവാഹിപ്പട്ടികയിൽ നിന്ന് എണ്ണം കൂടരുത്. ഇത് പ്രവർത്തകരെ ഉൾക്കൊള്ളാനുള്ള വേദിയല്ല ഇത്. പ്രവർത്തിക്കാനുള്ള വേദിയാണ്”, എന്ന് മുരളീധരൻ പറഞ്ഞു.
ഇതിന് മറുപടിയുമായി ഉടൻ മുല്ലപ്പള്ളി രംഗത്തെത്തി. പാർട്ടിയിൽ ഇത്തരം വിമർശനമുണ്ടെങ്കിൽ അത് പറയേണ്ടിടത്ത് പറയണം. പുറത്ത് പറയുന്നത് പാർട്ടിക്ക് ഗുണമുണ്ടാക്കില്ല. പാർട്ടിയിൽ അച്ചടക്കമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നും മുല്ലപ്പള്ള പറഞ്ഞു. ഇതിന് മറുപടിയുമായാണ് ‘താമരക്കുമ്പിൾ’ പരാമർശവുമായി മുരളീധരൻ എത്തിയിരിക്കുന്നത്. ചുരുക്കത്തിൽ കെപിസിസി പട്ടികയെച്ചൊല്ലിയുള്ള പാർട്ടിയിലെ പോര് ഇപ്പോഴൊന്നും തീരില്ലെന്ന് ചുരുക്കം