ബസില്‍ തുപ്പി, വനിതാ കണ്ടക്ടറെ അസഭ്യം വിളിച്ചു; പൊലീസെന്ന് കേട്ടപ്പോള്‍ യുവാക്കള്‍ ചതുപ്പിലേക്ക് ചാടി
എടത്വ: കെ. എസ്. ആർ. ടി. സി. വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ യുവാക്കൾ പൊലീസിനെ കണ്ട് ഭയന്ന് ഓടി ഒടുവില്‍ ചതുപ്പിൽ താഴ്ന്നു. ഒന്നര മണിക്കൂറിന് ശേഷം പൊലീസും അഗ്നി രക്ഷാസേനയും ചേർന്ന് ഒരാളെ രക്ഷപ്പെടുത്തി. ഇതിനിടെ മറ്റേയാള്‍ തനിയെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. കറുകച്ചാൽ സ്വദേശിയെയാണ് രക്ഷപ്പെടുത്തിയതെന്ന് എടത്വാ പോലീസ് പറഞ്ഞു.
ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കെ. എസ്. ആർ. ടി. സി. ബസിൽ തിരുവല്ലയിൽ നിന്ന് കയറിയ ഇരുവരും ബസിൽ തുപ്പിയടോയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് കണ്ട് വനിതാ കണ്ടക്ടർ ഇവരെ തടയാൻ ശ്രമിച്ചപ്പോൾ ഇവര്‍ കണ്ടക്ടറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ബസ് എടത്വാ കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തിയപ്പോൾ ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇവരെ ബസിൽ നിന്ന് പിടിച്ചിറക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഡിപ്പോ ജീവനക്കാരെ അസഭ്യം പറയുകയും കുപ്പിയെടുത്ത് എറിയുകയും ചെയ്തു.
ഇതിനിടെ ആരോ പൊലീസ് വരുന്നുണ്ടെന്നറിഞ്ഞ് പറഞ്ഞതോടെ ഇരുവരും ഡിപ്പോയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഒടുന്നതിനിടെ ഇവർ സെന്റ് അലോഷ്യസ് കോളേജിന് സമീപമുള്ള ചതുപ്പിലേക്ക് ചാടി. എന്നാല്‍, ചതുപ്പില്‍ നിന്നും കരയ്ക്ക് കയറാന്‍ ഇവര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് ഏതാണ്ട് ഒരു മണിക്കൂറോളം നേരെ ഇവരുവരും ചതുപ്പില്‍ പെട്ട് കിടന്നു. ചതുപ്പില്‍ നിന്നും ഇരുവരും പുറത്ത് വരാതായതോടെ പൊലീസ് ജെ. സി. ബി. യെത്തിച്ച് ആദ്യം തിരച്ചിൽ നടത്തിയെങ്കിലും ഇവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
രക്ഷാപ്രവർത്തനത്തിനിടയിൽ തകഴി ഫയർ സ്റ്റേഷനിലെ ഫയർമാൻ പി. കെ. പ്രദീപ് കുമാറിന്റെ കാലിൽ ഉപേക്ഷിക്കപ്പെട്ട സിറിഞ്ച് തറച്ച് കയറി പരിക്കേറ്റു. ഒടുവില്‍ ചതുപ്പിൽ പതുങ്ങിക്കിടന്ന ഒരാളെ അതിസാഹസികമായിട്ടാണ് കരയ്ക്കെത്തിച്ചത്. ഇതിനിടെ മറ്റൊരാള്‍ ഇരുട്ടിന്റെ മറപറ്റി മറുകരയിലെത്തി ബസിൽ കയറി ക്ഷപ്പെട്ടു. തകഴി അഗ്നിരക്ഷാസേനയും എടത്വാ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സി. ഐ. കെ. ബി. ആനന്ദബാബു, എസ്. ഐ. സെബാസ്റ്റ്യൻ ജോസഫ്, പൊലീസ് ഉദ്യോഗസ്ഥരായ ശ്രീകുമാർ, വിജയൻ, സനീഷ്, അഗ്നിരക്ഷാസേനാംഗങ്ങളായ സുമേഷ്, മനുക്കുട്ടൻ, അഭിലാഷ്, രാജേഷ്, അരുൺ, അജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.