കൊല്ലത്ത് പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി, ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
കൊല്ലം: പെൺകുട്ടിയുടെ വീട്ടിൽ കയറി അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. മയ്യനാട് സ്വദേശി ഷംനാദ് ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവാവ് പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയത്.
പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും കൈയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ ഷംനാദ് കൊലപാതക കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ചെന്നൈയിൽ ഇന്നലെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയിരുന്നു. കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേയാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. വിവരമറിഞ്ഞ് പിതാവ് ജീവനൊടുക്കിയിരുന്നു.