മലപ്പുറത്തെ സ്കൂളിൽ കയറിയ കളളന് വേണ്ടിയിരുന്നത് പണമായിരുന്നില്ല പകരം വിദേശത്ത് നിന്നും എത്തിച്ച മറ്റൊന്ന്; മുറി മുഴുവൻ പരാതി ഒടുവിൽ സംഭവിച്ചത്
മലപ്പുറം: അരീക്കാട് എ.എം.യു.പി സ്കൂളിൽ കഴിഞ്ഞദിവസം രാത്രി കയറിയ കളളന് വേണ്ടിയിരുന്നത് പണമോ പണ്ടമോ ഒന്നുമായിരുന്നില്ല. പകരം വിദേശത്ത് നിന്നും കൊണ്ടുവന്ന മറ്റൊന്നായിരുന്നു. എന്നാൽ തേടിയ സാധനം കൈയിൽ കിട്ടാതെ കളളന് വെറുംകൈയോടെ അവിടെനിന്നും പോകേണ്ടിവന്നു. ഖത്തർ ലോകകപ്പിന് ഉപയോഗിക്കുന്ന തരം ‘അൽ-രിഹ’ പന്ത് സ്കൂളിലെ ഒരു അലമാരിയിലുണ്ടായിരുന്നു. ഇതായിരുന്നു കളളന്റെ ലക്ഷ്യം.
മോഷണത്തിന് മുൻപ് അടുത്തുളള വീടിന്റെ മതിലിൽ ‘യിന്ന് യിവിടെ കളളൻ കയറും’ എന്ന് എഴുതി മുന്നറിയിപ്പ് കൊടുത്താണ് കളളൻ മോഷണത്തിന് കയറിയത്. എന്നാൽ മോഷണം നടന്ന ശേഷമാണ് ആളുകൾ ഇത് കണ്ടത്. ഒൻപത് അലമാരകളാണ് സ്കൂളിലുണ്ടായിരുന്നത്. ഇതിൽ എട്ടെണ്ണത്തിന്റെയും താക്കോൽ അവിടെത്തന്നെയുണ്ടായിരുന്നു. സ്കൂൾ മാനേജരായ അബ്ദുൾ റൗഫ് മുത്താണിക്കാട് ഖത്തറിൽ നിന്ന് കൊണ്ടുവന്ന പന്ത് പ്രഥമാദ്ധ്യാപിക പി.എസ് സുധാകുമാരിയുടെ അലമാരിയിലാണ് സൂക്ഷിച്ചത്. എന്നാൽ ഫുട്ബോളുളള അലമാരിയുടെ താക്കോൽ കളളന് കിട്ടിയില്ല. ഒടുവിൽ അതില്ലാതെ മടങ്ങേണ്ടി വന്നു കളളന്.