‘നീ അനുഭവിക്കും, കർത്താവ് എന്റെ കൂടെയുണ്ട്’; ഒളിവിലിരുന്ന് പരാതിക്കാരിക്ക് എൽദോസിന്റെ ഭീഷണി സന്ദേശം
തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിക്ക് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിലിന്റെ ഭീഷണി സന്ദേശം. ഒളിവിലിരുന്നുകൊണ്ട് ഇന്നലെ പുലർച്ചെ 2.10നാണ് എൽദോസ് വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തിയത്. കേസിലെ പ്രധാന സാക്ഷിയും പരാതിക്കാരിയുടെ അടുത്ത സുഹൃത്തുമായ യുവതിയുടെ നമ്പറിലേയ്ക്കാണ് സന്ദേശം എത്തിയത്. ഒരു കുറ്റവും ചെയ്യാത്ത തന്നെ ചതിച്ചുവെന്നും, താൻ വിശ്വസിക്കുന്ന ദൈവം ഇതിന് തക്ക മറുപടി നൽകുമെന്നുമാണ് സന്ദേശത്തിൽ എൽദോസ് പറയുന്നത്.
‘എന്നെ ചതിച്ച നിനക്കും നിന്റെ കുടുംബത്തിനും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശു ക്രിസ്തു പകരം തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും. കർത്താവ് എന്റെകൂടെയുണ്ടാവും.’- വാട്സാപ്പ് സന്ദേശത്തിലൂടെ എംഎൽഎ പറഞ്ഞു. അതേസമയം കേസിൽ കോവളം എസ്എച്ച്ഒ പ്രൈജു കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് പരാതിക്കാരി ജില്ലാ ക്രൈം ബ്രാഞ്ചിന് പരാതി നൽകി.