കോട്ടയത്ത് യുവതിയുടെ കൈ ഭർത്താവ് വെട്ടിമാറ്റി, തടയാനെത്തിയ മകൾക്കുനേരെയും ആക്രമണം
കോട്ടയം: യുവതിയുടെ കൈ ഭർത്താവ് വെട്ടിമാറ്റി. കോട്ടയം കാണക്കാരി സ്വദേശി നാൽപ്പത്തഞ്ചുകാരി മഞ്ജുവിന്റെ കൈയാണ് ഭർത്താവ് പ്രദീപ് വെട്ടിമാറ്റിയത്. ഒരു കൈ അറ്റുതൂങ്ങിയ നിലയിലും മറ്റേകൈയിലെ വിരലുകൾ മുറിഞ്ഞുപോയ നിലയിലുമാണ്. ഇന്നുരാവിലെയായിരുന്നു ആക്രമണം. കുടംബ വഴക്കായിരുന്നു ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
മദ്യപാനിയായ പ്രദീപ് ഭാര്യയുമായി സ്ഥിരം വഴക്കിടാറുണ്ടായിരുന്നു. ഇന്നുരാവിലെയും ഇരുവരും തമ്മിൽ വഴക്കിട്ടു. ഇതിനിടെയാണ് മഞ്ജുവിനെ വെട്ടുകത്തികൊണ്ട് ആക്രമിച്ചത്. തടസം പിടിക്കാനെത്തിയ മകളെയും ആക്രമിച്ചു. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രദീപ് കടന്നുകളഞ്ഞു. സമീപവാസികളാണ് മഞ്ജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. മുറിഞ്ഞുപാേയ കൈ തുന്നിച്ചേർക്കാൻ കഴിയുമോ എന്നകാര്യത്തിൽ വ്യക്തതയില്ല. പ്രദീപിനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
അടുത്തിടെ, പത്തനംതിട്ടയിലെ കലഞ്ഞൂരിൽ വിവാഹമോചനക്കേസ് നടക്കുന്നതിനിടെ യുവതിയുടെ കൈ ഭർത്താവ് വെട്ടിമാറ്റിയിരുന്നു. പറയൻകോട് ചാവടിമലയിൽ വിദ്യയുടെ കൈ ആണ് ഭർത്താവ് ഏഴംകുളം സ്വദേശി സന്തോഷ് വെട്ടിമാറ്റിയത്. രാത്രി കലഞ്ഞൂരിലെ വീട്ടിൽ അതിക്രമിച്ചുകയറിയായിരുന്നു ആക്രമിച്ചത്. വെട്ടേറ്റ് ഒരു കൈ മുട്ടിന് താഴെയും മറ്റൊരു കൈപ്പത്തിയും അറ്റുപോയിരുന്നു