നിയമം ലംഘിച്ച് വിദ്യാർത്ഥികളുമായി യാത്രയ്ക്കൊരുങ്ങി ടൂറിസ്റ്റ് ബസ്; പുറപ്പെടും മുൻപ് തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്
കണ്ണൂർ: ബ്രണ്ണൻ കോളേജിൽ ബിബിഎ വിദ്യാർത്ഥികളുടെ വിനോദയാത്ര തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട് നിന്നും എത്തിച്ച ബസിൽ ടൂർ പുറപ്പെടാൻ തുടങ്ങുന്നതിന് തൊട്ടുമുൻപാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇതിൽ ബസിൽ വ്യാപക നിയമലംഘനമുണ്ടെന്ന് കണ്ടെത്തി.കുട്ടികളുടെ ആവശ്യപ്രകാരമുളള ബസ് കണ്ണൂരിൽ നിന്നും ലഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് നിന്നും വരുത്തിയ ശേഷം പുറപ്പെടുന്നതിനിടെയാണ് പരിശോധനയുണ്ടായത്. കണ്ണൂരിൽ വാഹന ഉടമകളെ ബന്ധപ്പെട്ടെങ്കിലും വിദ്യാർത്ഥികൾക്ക് ബസ് ലഭിച്ചില്ല. കോളേജിൽ നിന്നും യാത്രപുറപ്പെടുന്ന വിവരം ജില്ലയിലെ ടൂറിസ്റ്റ് ബസുകളുടെ സംഘടന വിളിച്ചറിയിച്ചതോടെയാണ് എംവിഡി കോളേജിലെത്തിയത്. കർണാടകയിലെ ചിക്കമംഗലൂരുവിലേക്കാണ് ബസ് യാത്ര പുറപ്പെടാൻ ഒരുങ്ങിയത്.സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളിൽ കളർകോഡ് നിർബന്ധമാക്കിയെങ്കിലും ഇതുവരെ ഇത് ഉടമകൾ നടപ്പാക്കിയിരുന്നില്ല. എന്നാൽ ഇതടക്കം വാഹനപരിശോധന കർശനമായി തുടരുമെന്ന് കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചതോടെയാണ് സംസ്ഥാനത്ത് വ്യാപക പരിശോധന നടന്നത്. പെയിന്റ് മാറ്റുന്നതിന് കൂടുതൽ സമയം വാഹന ഉടമകൾ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ട്രാൻസ്പോർട് കമ്മീഷണർ പറഞ്ഞിരുന്നു.