നിയമങ്ങൾ പാലിച്ചില്ല, ഗർഭധാരണത്തിന് തയ്യാറായത് നയൻതാരയുടെ ബന്ധു? പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
ചെന്നൈ: നയൻതാരയുടെ വാടക ഗർഭധാരണം സംബന്ധിച്ച വിഷയത്തിൽ തമിഴ്നാട് സർക്കാർ അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. വാടക ഗർഭധാരണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചല്ല നയൻതാര അമ്മയായത് എന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയും പ്രസവവും നടന്നതെന്നാണ് വിവരം. ആശുപത്രിയിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. ആശുപത്രിയിലെ അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരയെയും വിഘ്നേശ് ശിവനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. നയൻതാരയുടെ ഒരു ബന്ധുവാണ് വാടക ഗർഭധാരണത്തിന് തയ്യാറായതെന്നും സൂചനയുണ്ട്.ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ ഇക്കഴിഞ്ഞ ജൂണിലായിരുന്നു നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്. തങ്ങൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ചുവെന്ന് വിഘ്നേശാണ് സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അറിയിച്ചത്.