നുമ്മ എന്തൊരു തോൽവിയാ! വൃത്തിയുടെ കാര്യത്തിൽ രാജ്യത്തെ നഗരങ്ങളുടെ പട്ടികയിൽ കൊച്ചി 298ാം സ്ഥാനത്ത്
കൊച്ചി: രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളെ റാങ്ക് ചെയ്യുന്ന സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛ് സർവേക്ഷൻ 2022 സർവേയിൽ കൊച്ചി 298ാം സ്ഥാനത്ത്. ഒരു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയിൽ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിലാണ് കൊച്ചി പിന്നിലായി സ്ഥാനം പിടിച്ചത്. സംസ്ഥാനത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയത് എന്തായാലും കൊച്ചിക്ക് ആശ്വാസമായി.കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൊച്ചി നിലമെച്ചപ്പെടുത്തി. 2020ലെ സർവേയിൽ 372 ഉം 2021 ൽ 338ാം സ്ഥാനത്തുമായിരുന്നു കൊച്ചി. ഇത്തവണ റാങ്ക് മുന്നൂറിനു താഴെ എത്തിക്കാൻ കഴിഞ്ഞത് നേട്ടമാണെന്നാണ് അധികൃതരുടെ അഭിപ്രായം. ആദ്യ നൂറ് സ്ഥാനങ്ങളിൽ വരുന്ന നഗരങ്ങളെയാണ് ശുചിത്വ നഗരങ്ങളായി നഗരകാര്യ മന്ത്രാലയം അംഗീകരിക്കുന്നത്.വൃത്തി മാനദണ്ഡങ്ങൾതുറസായ സ്ഥലത്തെ മാലിന്യ നിർമാർജ്ജനം, പാർപ്പിട മേഖലകളിലെ ദിവസേനയുള്ള തൂത്തുവാരൽ തുടങ്ങിയ വിഭാഗത്തിൽ കൊച്ചിയുടെ സ്കോറുകൾ 50 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ്. മാർക്കറ്റ് മേഖലയിലെ ശുചിത്വത്തിന്റെ കാര്യത്തിൽ സ്കോർ 25 ശതമാനമായി കുറഞ്ഞു. അതേസമയം നഗര സൗന്ദര്യവത്ക്കരണം, പാർപ്പിട മേഖലകൾ, ജലാശയങ്ങൾ എന്നിവയുടെ ശുചീകരണം തുടങ്ങിയ വിഭാഗങ്ങളിൽ കൊച്ചിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. 75 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിലാണ് ഈ വിഭാഗത്തിൽ കൊച്ചിയുടെ സ്കോർ.വികേന്ദ്രീകരണ മാലിന്യ സംസ്കരണത്തിലും വീടുകൾ തോറുമുള്ള മാലിന്യ ശേഖരണത്തിലും ഏറെ അപാകതകൾ നിലനിൽക്കുന്നതായി സർവേ വിലയിരുത്തി. പൊതു ശൗചാലയങ്ങളുടെ വൃത്തി ഇല്ലായ്മയും സ്കോർ താഴ്ന്ന് പോകാൻ കാരണമായി. 25 ശതമാനത്തിനും 50 ശതമാനത്തിനും ഇടയിലാണ് ഈ വിഭാഗത്തിൽ കൊച്ചിക്ക് ലഭിച്ച സ്കോർ.ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്തെ മികച്ച നൂറു നഗര പട്ടികയിൽ കൊച്ചിക്ക് ഇതുവരെ ഇടം നേടാൻ കഴിഞ്ഞിട്ടില്ല. ഈ വർഷവും മദ്ധ്യപ്രദേശിലെ ഇൻഡോർ ആണ് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനം സൂറത്തും മൂന്നാം സ്ഥാനം നവി മുംബയും തുടർച്ചയായി രണ്ടാം തവണയും നിലനിർത്തി.സീവേജ് പ്ലാന്റുകളുടെ കുറവ് തിരിച്ചടിയായിശുചിത്വ റാങ്ക് പട്ടികയിൽ കൊച്ചി പിന്നിലാകാൻ പ്രധാന കാരണം മലിനജല സംസ്കരണ പ്ലാന്റുകളുടെ കുറവാണ്. എളംകുളത്തെ സീവേജ് പ്ലാന്റ് മാത്രമാണ് ആകെയുള്ളത്. പ്രാദേശികമായ എതിർപ്പുകൾ മൂലം ഫോർട്ടുകൊച്ചിയിലെ സീവേജ് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു.ആവശ്യത്തിന് മലിനജല സംസ്കരണ പ്ലാന്റുകളില്ലാതെ നഗരത്തിന് മുന്നോട്ടു നീങ്ങാൻ കഴിയില്ല. കൊതുക് ശല്യത്തിന് തടയിടാനും ഇതു സഹായിക്കും. അമൃത് പദ്ധതി, കെ.എം. ആർ.എല്ലിന്റെ കനാൽ പുനരുജ്ജീവന പദ്ധതി എന്നിവയുടെ ഭാഗമായി പശ്ചിമകൊച്ചിയിൽ ഉൾപ്പെടെ പത്ത് ആധുനിക മലിനജല സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതോടെ പ്രശ്നത്തിന് പരിഹാരമാകും