വിവാഹാഭ്യർത്ഥന നിരസിച്ചതിന് ട്രെയിനിന് മുന്നിൽ തള്ളിയിട്ടുകൊന്ന പെൺകുട്ടിയുടെ പിതാവ് ഹൃദയാഘാതത്താൽ മരിച്ചു
ചെന്നൈ: വിവാഹാഭ്യർത്ഥന നിരസിച്ചതിൽ കലിപൂണ്ട് ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കോളേജ് വിദ്യാർത്ഥിനിയുടെ പിതാവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. ഇന്നലെ ചെന്നൈയ്ക്കുസമീപം സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിൽ കൊല്ലപ്പെട്ട ഇരുപതുകാരി സത്യയുടെ പിതാവ് മാണിയ്ക്കമാണ് മരിച്ചത്.മകളുടെ മരണവാർത്ത അറിഞ്ഞതോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട മാണിയ്ക്കത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അല്പം കഴിഞ്ഞതോടെ മരിക്കുകയായിരുന്നു. സത്യയുടെ മാതാവ് രാമലക്ഷ്മി ആദമ്പാക്കം പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളാണ്. സത്യയെ കൊലപ്പെടുത്തിയശേഷം ഒളിവിൽപ്പോയ സതീഷിനെ (23) പൊലീസ് പിടികൂടി. തൊറൈപ്പാക്കത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
ഇന്നലെ ഉച്ചയോടെയായിരുന്നു ക്രൂര കൊലപാതകം അരങ്ങേറിയത്. മൂന്നാംവർഷ ബി ബി എ വിദ്യാർത്ഥിനിയായ സത്യ കോളേജിലേക്ക് പോകാൻ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെയാണ് സതീഷ് അവിടെയെത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും സത്യയെ ട്രെയിനിന് മുന്നിലേക്ക് പിടിച്ചുതള്ളുകയുമായിരുന്നു. സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പൊലീസ് എത്തുന്നതിനിടെ ഇയാൾ സ്ഥലത്തുനിന്ന് മുങ്ങുകയും ചെയ്തു. ഏഴ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചായിരുന്നു സതീഷിനുവേണ്ടി അന്വേഷണം നടത്തിയത്. ഇതിനിടെയാണ് ഇയാൾ പിടിയിലായത്. ഏറെനാളായി സതീഷ്. സത്യയെ വിവാഹാഭ്യർത്ഥനയുമായി പുറകേനടന്ന് ശല്യപ്പെടുത്തുകയായിരുന്നു. ഇയാൾക്കെതിരെ സത്യയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കാര്യമായ നടപടി ഒന്നും ഉണ്ടായില്ല.