ആർ എസ് എസ് മേധാവിയെ രാഷ്ട്രപിതാവെന്ന് വിളിച്ചതിന് വധഭീഷണി; ഉമർ അഹമ്മദ് ഇല്യാസിക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകി ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: രാഷ്ട്രീയ സ്വയം സേവക് സംഘ്(ആർ എസ് എസ്) തലവൻ മോഹൻ ഭാഗവതിനെ ‘രാഷ്ട്രപിതാവ്’ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ വധഭീഷണി നേരിട്ട ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ മേധാവി ഉമർ അഹമ്മദ് ഇല്യാസിക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ. തനിക്ക് നിരവധി ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് ഇല്യാസി നേരത്തേ പറഞ്ഞിരുന്നു. തനിക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ച ആഭ്യന്തര മന്ത്രാലയത്തിനും കേന്ദ്ര സർക്കാരിനും നന്ദി അറിയിക്കുന്നുവെന്നും മുമ്പ് പറഞ്ഞതിൽ തന്നെ ഉറച്ച് നിൽക്കുന്നുവെന്നും ഇല്യാസി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സെപ്തംബർ 22നാണ് സംഭവം നടന്നത്. ഡൽഹിയിലെ മുസ്ലീം പള്ളി സന്ദർശിച്ച മോഹൻ ഭാഗവത് മദ്രസ വിദ്യാർത്ഥികളുമായി സംവദിച്ചിരുന്നു. ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഭാഗവതിനെ രാഷ്ട്രപിതാവെന്ന് ഇല്യാസി വിളിച്ചത്. ഈ സംഭവത്തിന് ശേഷം ഇംഗ്ലണ്ട്, ദുബായ് തുടങ്ങിയ സ്ഥലങ്ങളിലെ ഫോൺ നമ്പരുകളിൽ നിന്ന് തനിക്ക് വധഭീഷണി കോളുകൾ വരുന്നുണ്ടെന്നും ഈ വിവരം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതായും ഇല്യാസി പറഞ്ഞിരുന്നു