ആരാ വന്നിരിക്കുന്നതെന്ന് നോക്കൂ, സിംഹം എത്തിയിരിക്കുന്നു’ മുദ്രാവാക്യം മുഴക്കി വൻ ജനാവലി, പുഞ്ചിരിയോടെ മോദി
ഷിംല: വന്ദേ ഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യുന്നതിനായി ഹിമാചൽ പ്രദേശിലെ ഉനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിച്ചത് വമ്പൻ സ്വീകരണം. വരവേൽക്കാൻ കാത്തുനിന്ന ആയിരങ്ങളുടെ ഇടയിലേയ്ക്ക് ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി എത്തിയത്. ‘ആരാ വന്നിരിക്കുന്നതെന്ന് നോക്കൂ, സിംഹം എത്തിയിരിക്കുന്നു’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വൻ ജനാവലി മോദിയെ എതിരേറ്റത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.മോദി സ്തുതികളും, ജയ് ശ്രീറാം വിളികളും വീഡിയോയിൽ കേൾക്കാം. മുദ്രാവാക്യങ്ങൾക്കിടയിലൂടെ കൈവീശി പുഞ്ചിരിയോടെ നടന്നുനീങ്ങുകയാണ് പ്രധാനമന്ത്രി. യുവാക്കൾ കൂടുതലായി അണിനിരന്ന ജനാവലിയെ നിയന്ത്രിക്കാൻ അംഗരക്ഷകർ പാടുപെടുന്നുണ്ടായിരുന്നു.ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലെ അമ്പ് അന്തൗരയിൽ നിന്ന് ന്യൂ ഡൽഹിയിലേയ്ക്കുള്ള നാലാമത് വന്ദേ ഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തതിന് ശേഷം കുറച്ച് ദൂരം പ്രധാനമന്ത്രി ട്രെയിനിൽ സഞ്ചരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ അവിടെ എത്തിയിരുന്ന ജനങ്ങളോട് കൈവീശി അഭിവാദ്യം ചെയ്യുകയും ചെയ്തു. ഉന ജില്ലയിൽ മരുന്ന് നിർമാണ ശാലയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.